പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള യുഡിഎഫ്- ബിജെപി- മാധ്യമ ഗൂഢനീക്കത്തിനെതിരെ കെഎസ്‌കെടിയു കട്ടപ്പന ഏരിയ കമ്മിറ്റി

പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള യുഡിഎഫ്- ബിജെപി- മാധ്യമ ഗൂഢനീക്കത്തിനെതിരെ കെഎസ്‌കെടിയു കട്ടപ്പന ഏരിയ കമ്മിറ്റി, വ്യാഴം രാവിലെ 10ന് കട്ടപ്പന താലൂക്ക് ആശുപത്രി പടിക്കൽ പൊതുജനാരോഗ്യ സംരക്ഷണ സദസ്സ് നടത്തും. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യും. യൂണിയൻ ജില്ലാ സെക്രട്ടറി എം ജെ മാത്യു, നേതാക്കളായ പി എൻ വിജയൻ, കെ എൽ ജോസഫ്, വി ആർ സജി, മാത്യു ജോർജ്, പി ബി ഷാജി, ശോഭന കുമാരൻ, പി വി സുരേഷ്, രാജൻകുട്ടി മുതുകുളം എന്നിവർ സംസാരിക്കും. ലോക ശ്രദ്ധ നേടിയ കേരളത്തിന്റെ ആരോഗ്യ മേഖലയെയും പൊതുജനാരോഗ്യ ശൃംഖലയെയും താറടിച്ചു കാണിക്കാനുള്ള യുഡിഎഫിന്റെയും ബിജെപിയുടെയും ശ്രമങ്ങൾ ജനം തിരിച്ചറിയണമെന്ന് നേതാക്കൾ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിന്റെ മറവിൽ ആരോഗ്യ മേഖലയെ ഇല്ലാതാക്കാനാണ് ശ്രമം. യുഡിഎഫിനും ബിജെപിക്കുമൊപ്പും വലതുപക്ഷ മാധ്യമങ്ങളും ഗൂഢനീക്കം നടത്തുന്നു. ലക്ഷക്കണക്കിന് സാധാരണക്കാരുടെ ആശ്രയമായ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ തകർക്കാൻ അനുവദിക്കില്ലെന്നും പ്രതിരോധിക്കാൻ ജനം രംഗത്തിറങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
















































































































