ജീപ്പ് സഫാരി പുനരാരംഭിക്കണം കേരള യൂത്ത് ഫ്രണ്ട് (എം)

ഇടുക്കി ജില്ലയുടെ ടൂറിസം മേഖലയിൽ സഞ്ചാരികൾക്ക് ഏറ്റവും മനോഹരമായി പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാനുള്ള അവസരം സൃഷ്ടിക്കുന്ന ജീപ്പ് സഫാരി നിർത്തിവെച്ചുകൊണ്ട് ഇടുക്കി ജില്ലാ കളക്ടർ നൽകിയ ഉത്തരവ് പിൻവലിക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മൂന്നാർ, കൊളുക്കുമല, ആനച്ചാൽ, രാമക്കൽമേട്, തേക്കടി, കാൽവരിമൗണ്ട് വാഗമൺ ഉൾപ്പെടെയുള്ള ടൂറിസം മേഖലയിൽ ദിവസേന എത്തുന്ന ആയിരക്കണക്കിന് വിനോദ സഞ്ചാരികൾക്ക് പ്രകൃതിയോട് ചേർന്ന് വ്യത്യസ്തമായ അനുഭവം നൽകുന്ന ജീപ്പ് സഫാരി ഈ മേഖലയിലുള്ള ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസരം നൽകി വരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ ഉത്തരവ് ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി ആവുകയും ഇത്തരം ആളുകളുടെ ഉപജീവന മാർഗത്തിന് തടസ്സം ആവുകയും ചെയ്യും എന്നുള്ളതിനാൽ ഈ ഉത്തരവ് പുനപരിശോധിക്കപെടേണ്ടതാണ്.
മോട്ടോർ വാഹന വകുപ്പിന്റെ കൃത്യമായ പരിശോധനയ്ക്കും ഫിറ്റ്നസിനും ശേഷം നൽകുന്ന സ്റ്റിക്കറുകളുടെ അടിസ്ഥാനത്തിൽ കൃത്യമായ ട്രെയിനിങ്ങുകൾ ലഭിച്ച ഡ്രൈവർമാർ ജീപ്പ് സഫാരി നടത്തുന്നതിനുള്ള സാഹചര്യം ജില്ലയിൽ ആകമാനം കൊണ്ടുവരേണ്ടതാണ്. കൊളുക്കുമല അതിന് ഒരു ഉദാഹരണമായി നമുക്കെടുക്കാം.
വിദേശരാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ എത്തുന്ന നിരവധിയായ വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കി അവരുടെ ജീവന് വിലകൽപ്പിച്ചുകൊണ്ട് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജീപ്പ് സഫാരി നടത്തുവാൻ ഈ മേഖലയിൽ തൊഴിലെടുക്കുന്ന മുഴുവൻ തൊഴിലാളികളും ഓണർമാരും തയ്യാറാകേണ്ടതാണെന്നും അത്തരത്തിൽ പരിശോധന നടത്തി കൃത്യമായ ഫിറ്റ്നസ് ലഭിച്ച വാഹനങ്ങൾ മാത്രം ഈ മേഖലയിൽ ജീപ്പ് സഫാരി നടത്തുന്നു എന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തിക്കൊണ്ട് ടൂറിസം മേഖലയ്ക്ക് ഏറ്റവും കരുത്ത് നൽകുന്ന ജീപ്പ് സഫാരി എത്രയും അടിയന്തരമായി പുനരാരംഭിക്കണം എന്ന് യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.









































































