കട്ടപ്പനയിൽ ലിഫ്റ്റിൽ കുടുങ്ങി വ്യാപാരി മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി

കട്ടപ്പനയിൽ ലിഫ്റ്റിൽ കുടുങ്ങി വ്യാപാരി മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ നേതൃത്വത്തിൽ ലിഫ്റ്റ് താഴ്ത്തിയുള്ള പരിശോധനയാണ് ആരംഭിച്ചിരിക്കുന്നത്. മെയ് 28 നാണ് കട്ടപ്പന പവിത്ര ഗോൾഡ് മാനേജിംഗ് ഡയറക്ടർ സണ്ണി ഫ്രാൻസീസ് ലിഫ്റ്റ് അപകടത്തിൽ മരിച്ചത്.
തുടർന്ന് മെയ് 30 ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റ് പ്രഥാമിക പരിശോധന നടന്നു. ലിഫ്റ്റ് നിർമ്മിച്ച കമ്പനി പ്രതിനിധികളെയും ടെകീഷ്യൻമാരെയും വിളിച്ചു വരുത്തിയാണ് പരിശോധന നടത്തിയത്.
സണ്ണി ഫ്രാൻസിസ് കെട്ടിടത്തിൻ്റ മുകളിൽ നിന്നും താഴേക്ക് വരുമ്പോൾ രണ്ടാം നിലക്കും ഗ്രൗണ്ട് ഫ്ലോറിനും ഇടക്കു വച്ചാണ് ലിഫ്റ്റ് നിശ്ചലമായത്.
തുടർന്ന് സണ്ണിയുടെ കടയിലെ ജീവനക്കാരെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു.
ഇദ്ദേഹത്തിന് ലിഫ്റ്റ് കമ്പനി അത്യാവശ്യം പരിശീലനം നൽകിയിരുന്നു. ജീവനക്കാരൻ കമ്പനി ടെക്നീഷ്യനെ വീഡിയോ കോൾ വിളിച്ചപ്പോൾ ലഭിച്ച നിർദേശമനുസരിച്ച് കൺട്രോൾ പാനലിലെ സ്വിച്ചുകളുപയോഗിച്ച് ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതേ തുടർന്ന് ലിഫ്റ്റ് അതിവേഗം മുകളിലേക്ക് കുതിച്ചു. കെട്ടിടം ഉൾപ്പെടെ കുലുങ്ങുന്ന രീതിയിലാണ് ലിഫ്റ്റ് നാലാം നിലയുടെ മുകളിൽ ഇടിച്ച് നിന്നത്. ഫയർ ഫോഴ്സിൻ്റ് സഹായത്തോടെ ലിഫ്റ്റിൻ്റ് വാതിൽ വെട്ടിപ്പൊളിച്ചാണ് സണ്ണിയെ പുറത്തെടുത്തത്. തലക്കും സുഷുമ്നാ നാഡിക്കും ഏറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായത്.
ലിഫ്റ്റ് താഴ്ത്തി പരിശോധിക്കാനാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റ്
തീരുമാനം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ റിപ്പോർട്ട് അടുത്ത ദിവസം സർക്കാരിന് കൈമാറും. കട്ടപ്പന പോലീസും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
ഇടുക്കി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ
സജിത് കുമാർ,
ഡെപ്യൂട്ടി ഇൻസ്പെക്ടർ
ദീബ്രാൻ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്.









































































