ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിച്ചിരുന്നു, അതിന് മുമ്പായി ബ്രഹ്മോസ് മിസൈൽ പ്രയോഗിച്ചു: പാകിസ്താൻ പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണങ്ങളിൽ പ്രതികരണവുമായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മെയ് 9-10 തിയതികളിൽ റാവൽപിണ്ടി വിമാനത്താവളം അടക്കമുള്ള പ്രധാന സൈനിക താവളങ്ങളിലേയ്ക്ക് ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ വിക്ഷേപിച്ചപ്പോൾ പാകിസ്താൻ സൈന്യം അശ്രദ്ധയിൽ കുടുങ്ങിപ്പോയെന്നാണ് പാക് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ. ഇന്ത്യയുമായുള്ള സംഘർഷ സമയത്ത് പാകിസ്താനെ പിന്തുണച്ച അസർബൈജാനിൽ വെച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷെഹ്ബാസ് ഷെരീഫ്.
അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈന്യം മെയ് 10ന് പ്രഭാത പ്രാർത്ഥനകൾക്ക് ശേഷം ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും ഷെരീഫ് പറഞ്ഞു. എന്നാൽ പുലർച്ചയ്ക്ക് മുമ്പായി തന്നെ ഇന്ത്യ പാകിസ്താനിലെ വിവിധ കേന്ദ്രങ്ങളിൽ ദീർഘദൂര സൂപ്പർസോണിക് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ വർഷിച്ചതായും ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. പുലർച്ചെ നടന്ന ആക്രമണത്തെക്കുറിച്ച് പാകിസ്താൻ സൈനിക മോധാവി അസിം മുനീർ അറിയിച്ചതായും പാകിസ്താൻ പ്രധാനമന്ത്രി വെളിപ്പെടുത്തി.
ഇന്ത്യൻ ആക്രമണത്തിന് തക്കതായ പ്രതികരണം നൽകാൻ തീരുമാനിച്ചിരുന്നു. ഫജ്ർ പ്രാർത്ഥനകൾക്ക് ശേഷം പുലർച്ചെ 4.30 ന് പ്രതികരിക്കാൻ ഞങ്ങളുടെ സായുധ സേന തയ്യാറായിരുന്നു. എന്നാൽ അതിന് മുമ്പായി റാവൽപിണ്ടിയിലെ വിമാനത്താവളം ഉൾപ്പെടെ പാകിസ്ഥാനിലെ വിവിധ പ്രവിശ്യകളെ ലക്ഷ്യമിട്ട് ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തി എന്നായിരുന്നു പാകിസ്താൻ പ്രധാനമന്ത്രിയുടെ പ്രതികരണം. നിലവിൽ ഫീൽഡ് മാർഷലായി സ്ഥാനകയറ്റം ലഭിച്ച അസിം മുനീറിൻ്റെ സാന്നിധ്യത്തിലായിരുന്നു ഇന്ത്യൻ ആക്രമണത്തെ ശരിവെച്ചുള്ള പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിലെ ജനവാസ പ്രദേശങ്ങളിൽ പാകിസ്താൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടി എന്ന നിലയിലായിരുന്ന ഇന്ത്യ പാകിസ്താൻ്റെ വ്യോമതാവളങ്ങൾ ആക്രമിച്ചത്. ഇന്ത്യ ആക്രമിച്ച 11 സൈനിക കേന്ദ്രങ്ങളിൽ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളവും ഉൾപ്പെട്ടിരുന്നു. റാവൽപിണ്ടിയിലെ പാകിസ്ഥാൻ സൈനിക ആസ്ഥാനത്തിൻ്റെ തൊട്ടടുത്തുള്ള ഈ വ്യോമതാവളത്തിൽ, ലോക്ക്ഹീഡ് സി-130 ഹെർക്കുലീസ്, ഇല്യുഷിൻ ഇൽ-78 ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ പോലുള്ള അത്യാധുനിക സൈനിക വിമാനങ്ങൾ ഉണ്ടായിരുന്നു. ആക്രമണത്തിന് ശേഷം ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തപ്പോൾ രണ്ട് സൈനിക വിമാനങ്ങൾക്കെങ്കിലും കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
നൂർ ഖാന് പുറമെ, റഫീഖി, മുരിദ്, റഹിം യാർ ഖാൻ, സുക്കൂർ, ചുനിയാൻ എന്നിവിടങ്ങളിലെ പാകിസ്താൻ സൈനിക താവളങ്ങളും ഇന്ത്യ ആക്രമിച്ചിരുന്നു. സ്കാർഡു, ഭോലാരി, ജേക്കബാബാദ്, സർഗോധ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങൾക്കും ഇന്ത്യൻ ആക്രമണത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു. വ്യോമതാവളങ്ങളെ കൃത്യതയോടെ ആക്രമിക്കുന്നതിനായി ഇന്ത്യ സു-30എംകെഐ ജെറ്റുകളിൽ നിന്ന് ഏകദേശം 15 ബ്രഹ്മോസ് മിസൈലുകൾ വിക്ഷേപിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.



























































































































