ഹൈറേഞ്ചിന് അഭിമാനം കൈപ്പടക്ക് ഭാഷാ സാഹിത്യ പുരസ്കാരം

ഇന്‍ഡിവുഡ് ഏര്‍പ്പെടുത്തിയ ഭാഷാ സാഹിത്യ പുരസ്കാരത്തില്‍ മികച്ച പ്രസാധകരായി കൈപ്പട ബുക്സ് തെരഞ്ഞെടുക്കപ്പെട്ടു. പുസ്തക പ്രസാധക രംഗത്ത് നടത്തിയ മുന്നേറ്റവും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളുമാണ് കൈപ്പടയെ ഈ അംഗീകാരത്തിന് അര്‍ഹമാക്കിയത്. പ്രമുഖ എഴുത്തുകാര്‍ക്കൊപ്പം നവാഗത എഴുത്തുകാരെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതില്‍ ടീം കൈപ്പട നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ജൂറി വിലയിരുത്തി.
മുരുകൻ കാട്ടാക്കട,റഫീഖ് അഹമ്മദ്, ആലങ്കോട് ലീലകൃഷ്ണൻ, വിആർ സുധീഷ് എന്നിവർ അംഗങ്ങൾ ആയുള്ള ജൂറി ആണ് അവാർഡിന് തിരഞ്ഞെടുത്തത്.
25ന് കൊല്ലം പുനലൂരില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു. കൈപ്പടയുടെ നേട്ടത്തില്‍ ഹൈറേഞ്ചും നിറഞ്ഞ സന്തോഷത്തിലാണ്. 2021 കേരളപ്പിറവി ദിനത്തില്‍ കട്ടപ്പന കേന്ദ്രമാക്കിയാണ് കൈപ്പട പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കൊച്ചി കേന്ദ്രമാക്കി മധ്യകേരളത്തിലും മലപ്പുറം കേന്ദ്രമാക്കി മബാറിലും റീജണല്‍ ഓഫീസുകള്‍ തുറന്നു. വിജയകരമായ ആറാം വയസ്സിലേക്ക് കടന്ന കൈപ്പട ബുക്സ് ഇതിനോടകം ഇരുന്നൂറിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കവിത, കഥ, നോവല്‍, അനുഭവക്കുറിപ്പ്, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ലേഖനം, ബാലസാഹിത്യം തുടങ്ങി എല്ലാ വിഭാഗത്തിലുള്ള പുസ്തകങ്ങളും ഇതില്‍ ഉള്‍പ്പെടും. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനൊപ്പം അവ കൃത്യമായി വായനക്കാരിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമവും കൈപ്പട നടത്തിവരുന്നു. പ്രമുഖ പുസ്തക വിതരണക്കാരിലൂടെ കേരളത്തിന്റെ മുക്കിലും മൂലയിലും വരെ കൈപ്പടയുടെ പുസ്തകങ്ങള്‍ ലഭ്യമാക്കുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴി ലോകത്തെവിടെയും കൈപ്പടയുടെ പുസ്തകങ്ങള്‍ ലഭ്യമാകും.







































































































































