ലോകാരോഗ്യ ദിനാചരണം


ഏപ്രില്‍ 7 ലോകാരോഗ്യ ദിനമായി ആചരിക്കുകയാണ് ഇതിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, മുട്ടം സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോകാരോഗ്യ ദിനാചരണം സംഘടിപ്പിക്കും. പൊതുജന ബോധവത്കരണത്തിനായി റാലി, ഫ്‌ളാഷ് മോബ്, ബോധവത്കരണ ക്ലാസുകള്‍, ഓപ്പണ്‍ ഡിസ്‌കഷന്‍സ്, ബോധവത്കരണ വീഡിയോ, ഡോര്‍ ടു ഡോര്‍ ബോധവത്കരണ ക്യാമ്പയിന്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തീമുമായി ബന്ധപ്പെട്ട് മത്സരങ്ങള്‍ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
ഈ വര്‍ഷത്തെ ലോകാരോഗ്യ ദിന സന്ദേശം ആരോഗ്യകരമായ തുടക്കം പ്രതീക്ഷാ നിര്‍ഭരമായ ഭാവി, കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിതമായ കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തെരഞ്ഞെടുക്കാം എന്നതാണ്. മാതൃ നവജാത ശിശു മരണങ്ങള്‍ പരമാവധി തടയുന്നതിനും സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നതിനുമുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിനൊപ്പം പൊതു സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കണം.
ഗര്‍ഭധാരണമോ പ്രസവമോ മൂലം ഒരു സ്ത്രീയുടെയോ കുഞ്ഞിന്റെയോ ജീവന്‍ നഷ്ടപ്പെടരുത്. ലോകത്ത് ഓരോ വര്‍ഷവും ഏകദേശം 3,00,000 സ്ത്രീകള്‍ക്ക് ഗര്‍ഭധാരണമോ പ്രസവമോ മൂലം ജീവന്‍ നഷ്ടപ്പെടുന്നു. രണ്ട് ദശലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ ജനിച്ച ആദ്യ മാസത്തില്‍ മരിക്കുന്നു. ഏകദേശം രണ്ട് ദശലക്ഷത്തിലധികം ചാപിള്ള (Still birth) സംഭവിക്കുന്നു. അതായത് ഓരോ 7 സെക്കന്‍ഡിലും തടയാവുന്ന ഒരു മരണം സംഭവിക്കുന്നു.
ഇന്ത്യയില്‍ ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ 97 അമ്മമാര്‍ മരിക്കുന്നു. എന്നാല്‍ കേരളത്തില്‍ ഇത് 19 ആയി കുറച്ചു കൊണ്ടുവരുവാന്‍ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്കും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തില്‍ മാതൃശിശു മരണങ്ങള്‍ കുറഞ്ഞപ്പോള്‍ പ്രസവം തീരെ ലളിതമാണെന്നും അതിന് ആശുപത്രിയില്‍ പോകേണ്ട കാര്യമൊന്നുമില്ല എന്നൊരു ധാരണ ഒരു ന്യൂനപക്ഷം ആളുകള്‍ക്കിടയിലുണ്ട്. പ്രസവിക്കുമ്പോള്‍ സംഭവിക്കാവുന്ന അപകടങ്ങള്‍ ശരിയായി കൈകാര്യം ചെയ്യാന്‍ വൈദ്യശാസ്ത്രത്തിനും ആശുപത്രി സംവിധാനങ്ങള്‍ക്കും കഴിയുന്നതു കൊണ്ടാണ് പലപ്പോഴും ഇത് വളരെ ലളിതമായ ഒരു കാര്യമായി തോന്നുന്നത്. ഗര്‍ഭിണികള്‍ക്ക് ശരിയായ പരിചരണം ഉറപ്പാക്കുകയും പിന്തുണയും നല്‍കുകയും ചെയ്യുക എന്നിവയാണ് പ്രധാനം. ശാരീരികമായും വൈകാരികമായും പ്രസവത്തിനു മുമ്പും ശേഷവും ഈ പിന്തുണ നല്‍കണം. പ്രസവം സുരക്ഷിതമാക്കാന്‍ പരിശ്രമിക്കുന്നതിനൊപ്പം അതിന് ആശുപത്രി പ്രസവങ്ങള്‍ വഹിച്ചിട്ടുള്ള പങ്കിനെ സംബന്ധിച്ച് പൊതുജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുവാനും ഈ ദിനം ഓര്‍മിപ്പിക്കുന്നു.
പ്രസവം ഏത് സമയത്തും അതിസങ്കീര്‍ണ്ണമായേക്കാം. അത് യഥാസമയം കൈകാര്യം ചെയ്യാനുള്ള സൗകര്യം ഉറപ്പുവരുത്തണം. പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം.
പ്രസവത്തിനോടനുബന്ധിച്ച അപകടസാധ്യതകള്‍
1)അമിതരക്തസ്രാവം
മാതൃമരണങ്ങളുടെ കാരണങ്ങളില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന അമിത രക്തസ്രാവം അമിത രക്തസമ്മര്‍ദം അണുബാധ എന്നിവ തടയാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണ് ഒരു ആശുപത്രി ലേബര്‍ റൂമില്‍ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും ചെയ്യുന്നത്.
2)രക്താതിമര്‍ദം
പ്രസവത്തിനു മുന്‍പ് രക്തസമ്മര്‍ദം വളരെ സാധാരണമായിരുന്നവരില്‍ പോലും പ്രസവസമയത്ത് അതിനുശേഷം അസാധാരണമായി രക്തസമ്മര്‍ദം കൂടുന്ന അവസ്ഥ വരാം ഇതിന്റെ പ്രത്യാഘാതമായി അപസ്മാരം ഉള്‍പ്പെടെ ഉണ്ടാകാറുണ്ട്. അപൂര്‍വമായി ആണെങ്കിലും പ്രസവത്തോടനുബന്ധിച്ച് ഉണ്ടാകുന്ന തലച്ചോറിലെ രക്തസ്രാവം അപസ്മാരം എന്നിവ മാതൃ മരണത്തിന് കാരണമാകാം.
3)ദീര്‍ഘമായ പ്രസവം
എല്ലാ പരിശോധനാ ഫലങ്ങളും നോര്‍മല്‍ ആണെങ്കിലും ചില സ്ത്രീകള്‍ക്ക് പെട്ടെന്ന് പ്രസവം തടസപ്പെടാന്‍ സാധ്യതയുണ്ട്. നല്ല ശ്രദ്ധ പുലര്‍ത്തിയാലേ ഇത് തിരിച്ചറിയാന്‍ കഴിയൂ. മണിക്കൂറുകള്‍ നില്‍ക്കുന്ന പ്രസവ സമയത്ത് നീളുന്ന പ്രസവ സമയത്ത് കുഞ്ഞ് പുറത്തേക്ക് വരുന്ന ഇടുപ്പിലൂടെയുള്ള സഞ്ചാര പാതയില്‍ തടസം വരുന്നതാണ് ഈ സ്ഥിതി. കുഞ്ഞിന്റെ വലിപ്പ കൂടുതല്‍ കൊണ്ട് സഞ്ചാര പാതയുടെ വ്യാപ്തിക്കുറവ് കൊണ്ടോ സഞ്ചാര പാതയില്‍ ശരിയായ ദിശയില്‍ അല്ലാതെ കുഞ്ഞ് പ്രവേശിക്കുന്നത് കൊണ്ടോ ഇത് സംഭവിക്കാം. കുഞ്ഞ് കുറേനേരം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുടുങ്ങിക്കിടക്കുന്നത് മനസിലാക്കാതിരുന്നാല്‍ ഓക്‌സിജന്‍ തലച്ചോറില്‍ എത്തുന്നത് കുറഞ്ഞ് ഹൈപോക്‌സിയ ഉണ്ടാകാം. ഈ അവസ്ഥയില്‍ കുഞ്ഞിനെ ജീവനോടെ കിട്ടിയാലും തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞ് ബുദ്ധിമാന്ദ്യം സംഭവിക്കാനും സെറിബ്രല്‍ പാള്‍സി പോലുള്ളവ ഉണ്ടാകുവാനും സാധ്യതയുണ്ട്.
പ്രസവത്തോടനുബന്ധിച്ച് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രധാന സങ്കീര്‍ണതകള്‍ യഥാസമയം കണ്ടെത്തി തടയാനും അവിചാരിതമായി അപകടങ്ങള്‍ സംഭവിച്ചാല്‍ കൃത്യമായി ചികിത്സ നല്‍കി അമ്മയുടെയും കുഞ്ഞിനെയും ജീവനും ആരോഗ്യവും സംരക്ഷിക്കാനും പ്രസവം ആശുപത്രിയില്‍ തന്നെ നടക്കുന്നു എന്ന് ഉറപ്പിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും സാങ്കേതികവിദ്യകളും പരമാവധി പ്രയോജനപ്പെടുത്തി ജന്മം നല്‍കുന്ന വേളയില്‍ ഒരു ജീവനും പൊലിയാതെ നോക്കുന്നതിന് കുഞ്ഞോമന ജനിക്കുന്നത് ഏറ്റവും സുരക്ഷിതമായ സാഹചര്യങ്ങളിലാണ് എന്ന് ഉറപ്പിക്കാം.