മുഖ്യമന്ത്രി പിണറായി വിജയന്റെ ദുഷ്ടലാക്കാണ് കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുന്നതിനുള്ള അനന്തമായ കാലതാമസത്തിന് കാരണമെന്ന് യുഡിഎഫ് ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി


ഒരു സർക്കാർ തീരുമാനത്തിലൂടെ ചട്ടം ഭേദഗതി ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ ലളിതമായി പരിഹരിക്കാമായിരുന്ന വിഷയം സങ്കീർണമായ നിയമഭേദഗതി പ്രക്രിയയിലൂടെ നീട്ടിക്കൊണ്ടുപോയി ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുകയെന്ന കള്ളലാക്കാണ് മുഖ്യമന്ത്രിക്കുള്ളത്. നിർമ്മാണ ക്രമവൽക്കരണത്തിന്റെ പേരിൽ ജില്ലയിലെ ജനങ്ങളെ ചൂഷണം ചെയ്യാൻ തീരുമാനിച്ചാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. കെട്ടിട നിർമ്മാണ നിരോധനത്തിനെതിരെ യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികൾ കൂടുതൽ ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചതായി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം ജെ ജേക്കബും അറിയിച്ചു. കഴിഞ്ഞ ആറു വർഷങ്ങളായി കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിക്കാത്തതുമൂലം ചെറുതും വലുതുമായ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയാത്തവരും നിലവിലുള്ള സംരംഭങ്ങൾ വിപുലീകരിക്കാൻ സാധിക്കാത്തവരുമായി ആയിരക്കണക്കിന് ആളുകൾ നിരാശയിലാണ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ഭൂവിഷയവുമായി ബന്ധപ്പെട്ട കേസുകളിൽ സർക്കാർ പരിസ്ഥിതിവാദികളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നത് കർഷക ജനതയോടുള്ള വഞ്ചനയാണ്. വനാതിർത്തികളിൽ താമസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. അവരെ വന്യമൃഗങ്ങൾ കൊലപ്പെടുത്തുമ്പോൾ, ആക്രമിക്കുമ്പോൾ, കൃഷി നശിപ്പിക്കുമ്പോൾ നിസ്സംഗതയോടെ നോക്കി നിൽക്കുന്ന സർക്കാരിനെയാണ് കാണുവാൻ കഴിയുന്നത്. മനുഷ്യജീവന് ഭീഷണിയുയർത്തുന്നതും കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നതുമായ വന്യമൃഗങ്ങളെ വെടിവയ്ക്കുന്നതിനുള്ള അനുമതി നൽകണം. സർക്കാരിന്റെ ജനവഞ്ചനയ്ക്കും നിസംഗതയ്ക്കുമെതിരെ ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലെ പ്രധാനപ്പെട്ട രണ്ട് കേന്ദ്രങ്ങളിൽ വീതം വിചാരണ സദസും പ്രതിഷേധ റാലിയും മാർച്ച് മാസത്തിൽ സംഘടിപ്പിക്കുന്നതാണ്. സർക്കാർ ഈ വിഷയങ്ങളിൽ നിസ്സംഗത തുടർന്നാൽ സമരം മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും ഹർത്താൽ ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുൻപോട്ട് പോകുവാനും യുഡിഎഫ് യോഗം തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു.