അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ നാളെ മയക്കുവെടിവെക്കും


അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ നാളെ മയക്കുവെടിവെച്ച് പിടികൂടും. കോടനാട് അഭയാരണ്യത്തിൽ പ്രത്യേകം സജ്ജീകരിച്ച കൂട്ടിലാകും ആനയെ പാർപ്പിച്ചു ചികിത്സിക്കുക. ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.
മസ്തകത്തിൽ മുറിവേറ്റ ആനയെ നിലവിലെ ആരോഗ്യസ്ഥിതിയിൽ വെടിവെക്കുന്നത് ദുഷ്കരമെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ദൗത്യവുമായി മുന്നോട്ടു പോകാൻ ആണ് വനംവകുപ്പിന്റെ തീരുമാനം. ഡോ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം ആനയെ നിരീക്ഷിച്ചു. കൂടിന്റെ അടക്കം ബല പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും ആനയെ കോടനാട്ടിലേക്ക് എത്തിക്കുക. നാളെ രാവിലെ 7 മണിക്ക് ആനയെ പിടികൂടുന്നതിനുള്ള ദൗത്യം ആരംഭിക്കാനാണ് തീരുമാനം. വെറ്റിലപ്പാറ മലയാറ്റൂർ പ്ലാന്റേഷൻ റോഡിൽ പൂർണമായും ഗതാഗതം നിരോധിച്ചിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതും പരിഗണനയിലാണ്.