മസ്തകത്തിന് മുറിവേറ്റ ആനയുടെ ചികിത്സ; ഡോ അരുൺ സക്കറിയയും സംഘവും അതിരപ്പിള്ളിയിൽ എത്തി


മുറിവേറ്റ കാട്ടുകൊമ്പനെ ചികിത്സിക്കാൻ ഡോ അരുൺ സക്കറിയയും സംഘവും അതിരപ്പിള്ളിയിലെത്തി. ഇന്ന് ആനയെ നിരീക്ഷിക്കും. കോടനാട് കൂട് പൂർത്തിയാകുന്ന മുറയ്ക്ക് കാട്ടാനയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. ഇന്ന് ഉച്ചയ്ക്ക് ശേഷമോ നാളെയോ ആയിരിക്കും മയക്കുവെടി വെക്കുക. മയക്കുവടി വെച്ചശേഷം ആനയെ കോടനാട്ടിലേക്ക് കൊണ്ടുപോകും. കോടനാട് വെച്ചായിരിക്കും ആനയ്ക്ക് ചികിത്സ നൽകുക. മൂന്ന് കുങ്കിയാനകളെ ഇതിനകം തന്നെ അതിരപ്പിള്ളിയിൽ എത്തിച്ചിട്ടുണ്ട്. കോന്നി സുരേന്ദ്രൻ, വിക്രം,കുഞ്ചി എന്ന് മൂന്ന് ആനകളെയാണ് അതിരപ്പള്ളിയിൽ എത്തിച്ചിരിക്കുന്നത്.
ആനയുടെ ആരോഗ്യം മെച്ചപ്പെട്ടാൽ മാത്രമെ ആനയെ മയക്കുവെടി വെയ്ക്കാൻ സാധിക്കുവെന്ന് ഡോ അരുൺ സക്കറിയ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ച് വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കിയിരുന്നു.
തുടർന്ന് അരുൺ സക്കറിയയും സംഘവും എത്തി മയക്കുവെടി വെച്ച് പരിശോധന നടത്തുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. എന്നാൽ ആനയുടെ അവസ്ഥ വീണ്ടും മോശമാകുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആനയെ അസ്വസ്ഥനായി അതിരപ്പിള്ളിയിലെ എണ്ണപ്പന തോട്ടത്തിലും റോഡിലുമായി കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് ആനയുടെ അവസ്ഥ വിലയിരുത്തി വീണ്ടും ചികിത്സ നടത്താൻ തീരുമാനമാനിച്ചത്.