ഭൂപതിവ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ചട്ടങ്ങൾ രൂപപ്പെടുത്തി നിയമം പ്രാബില്യത്തിൽ വരുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ
ഭൂപതിവ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ചട്ടങ്ങൾ രൂപപ്പെടുത്തി നിയമം പ്രാബില്യത്തിൽ വരുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.
മലയാള മനോരമയും കർഷകശ്രീയും ചേർന്ന് കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ ആരംഭിച്ച കർഷകസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാ നിർമാണങ്ങളും ക്രമവത്കരിച്ചു പട്ടയങ്ങൾ നൽകും. ഇടുക്കി പാക്കേജിൽ ഭേദഗതി വരുത്തി വേനലിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകും.
രാഷ്ട്രീയ കക്ഷി വേർതിരിവില്ലാതെ കാർഷിക പ്രശ്നങ്ങൾ ഒരേ മനസ്സോടെ നേരിടണം. മാധ്യമം എന്ന നിലയിലുപരി ‘മലയാള മനോരമ’ എല്ലാ തലങ്ങളിലും ഇടപെടുന്നത് അഭിനന്ദാർഹമാണന്നും മന്ത്രി പറഞ്ഞു.
കർഷകർക്ക് വേണ്ടി കർഷകർ സംസാരിക്കുന്ന ‘സഭ’ യായി മലയാള മനോരമ കർഷകസഭ മാറട്ടെയെന്നും മന്ത്രി പറഞ്ഞു.
മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അധ്യക്ഷത വഹിച്ചു. കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് വീഡിയോയിലൂടെ ആശംസ അറിയിച്ചു.
മലയാള മനോരമ കോട്ടയം ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ സ്വാഗതം ആശംസിച്ചു. കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീന ടോമി, കെ.ജെ.ജോസഫ് ആൻഡ് കമ്പനി മാനേജിങ് ഡയറക്ടർ ഷാജി.ജെ.കണ്ണിക്കാട്ട്, കർഷകശ്രീ എഡിറ്റർ ഇൻ ചാർജ് ടി.കെ.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.