വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ഇടവേളകളില്ലാത്ത ദിനങ്ങൾ സമ്മാനിക്കാൻ ‘തൊടുപുഴ ഫെസ്റ്റ് 2k25’ന് ശനിയാഴ്‍ച തുടക്കമാകും

വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ഇടവേളകളില്ലാത്ത ദിനങ്ങൾ സമ്മാനിക്കാൻ ‘തൊടുപുഴ ഫെസ്റ്റ് 2k25’ന് ശനിയാഴ്‍ച തുടക്കമാകും. എം ജിനദേവൻ സ്‍മാരക പഠന ഗവേഷണ കേന്ദ്രവും വെങ്ങല്ലൂർ നേച്ചർ ഫ്രഷ് ഫാർമർ പ്രൊഡ്യൂസർ സൊസൈറ്റിയും ചേർന്നാണ് കാർഷിക വിപണന പ്രദർശന മേള അണിയിച്ചൊരുക്കുന്നത്. ഫെബ്രുവരി രണ്ടുവരെ തൊടുപുഴ ലിസ് ഗ്രൗണ്ടിലാണ് കാർഷിക ഉൽപ്പന്നങ്ങളുടെയും കൃഷി അധിഷ്‍ഠിത മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും മികച്ച വിപണിയാകുന്ന മേള. വൈകിട്ട് മൂന്നിന് ബഹു. സഹകരണ – ടൂറിസം വകുപ്പ് മന്ത്രി ശ്രീ. വി എൻ വാസവൻ ഉദ്ഘാടനംചെയ്യും. എം ജിനദേവൻ സ്‍മാരക പഠന ഗവേഷണ കേന്ദ്രം കൺവീനർ എം ജെ മാത്യു അധ്യക്ഷനാകും. പി ജെ ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഡീൻ കുര്യാക്കോസ് എംപി കാർഷികവിള പ്രദർശനം ഉദ്ഘാടനംചെയ്യും. കാഡ്‍സിന്റെ സഹകരണത്തോടെ 25 ഇന കാർഷിക വിളകളുടെ പ്രദർശനമാണ് ഒരുങ്ങുന്നത്. വിവിധ വകുപ്പുകളുടേതുൾപ്പെടെ അമ്പതോളം സ്റ്റാളുകൾ ഉണ്ടാകും. കുടുംബശ്രീ സ്റ്റാളും ഫുഡ്കോർട്ടും തയ്യാറാകും. കോ ഓർഡിനേറ്റർ സി വി വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, ഡിസിസി പ്രസിഡന്റ് സി പി മാത്യു, നഗരസഭ ചെയർപേഴ്‍സൺ സബീന ബിഞ്ചു തുടങ്ങി വിവിധ രാഷ്‍ട്രീയ, സാംസ്‍കാരിക പ്രവർത്തകർ പങ്കെടുക്കും.









































































