Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പോലീസിന്റെ‍ നവീകരിച്ച സിറ്റിസണ്‍ പോര്‍ട്ടല്‍ ‘തുണ’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു



പോലീസിന്‍റെ നവീകരിച്ച സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍, സിറ്റിസണ്‍ സര്‍വ്വീസ് ഉള്‍പ്പെടുത്തിയ മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, ഡി.ഐ.ജി പി.പ്രകാശ് എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

തുണ എന്ന നിലവിലെ സര്‍വ്വീസ് പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റം വരുത്തിയാണ് പുതിയ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കല്‍, എഫ്.ഐ.ആര്‍ പകര്‍പ്പ് ലഭ്യമാക്കല്‍, അപകടകേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിന് സമര്‍പ്പിക്കേണ്ട രേഖകള്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങള്‍ക്കായി പുതിയ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങള്‍ക്കുളള പണം അടയ്ക്കാന്‍ ഓണ്‍ലൈന്‍ പെയ്മെന്‍റ് രീതികളും പുതിയ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യാനും കഴിയും.

കൂടാതെ നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ വെബ്സൈറ്റ് മുഖാന്തിരം രാജ്യത്താകമാനമുളള വാഹനങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ച് നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാനുളള സൗകര്യവുമുണ്ട്. കേരളാ പോലീസിന്‍റെ മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പ് മുഖേന മൊബൈല്‍ ഫോണുകളിലും ഈ സേവനം ലഭ്യമാകും.

അപേക്ഷപ്രകാരമുളള സേവനങ്ങളും രേഖകളും മറ്റും പോര്‍ട്ടല്‍ മുഖാന്തിരം തന്നെ ലഭിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ആവശ്യമായ രേഖകള്‍ കൈപ്പറ്റാം. ഓരോ സേവനത്തിനുമുളള അപേക്ഷകളുടെ തല്‍സ്ഥിതി എസ്.എം.എസ് അല്ലെങ്കില്‍ പോര്‍ട്ടല്‍ വഴി അപേക്ഷകന് ലഭ്യമാകും. രജിസ്റ്റര്‍ ചെയ്ത പരാതികള്‍ക്ക് രസീതും ലഭിക്കും. പോലീസ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുളള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


പോലീസിലെ ക്രൈം ആന്‍റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് ആന്‍റ് സിസ്റ്റംസ് (സി.സി.റ്റി.എന്‍.എസ്) ഉദ്യോഗസ്ഥര്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിന്‍റെ (ടി.സി.എസ്) സഹകരണത്തോടെയാണ് തുണ പോര്‍ട്ടല്‍ നവീകരിച്ചത്. മൈക്രോ സര്‍വ്വീസ് അധിഷ്ഠിതമായി കണ്ടെയിനര്‍ ഇന്‍ഫ്രാസ്ട്രക്ച്ചറില്‍ വികസിപ്പിച്ച ഈ സംവിധാനം രാജ്യത്തെ പോലീസ് സേനകളില്‍ ആദ്യമായാണ് ഉപയോഗിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!