വനംവകുപ്പിൻ്റെ കർഷക വിരുദ്ധ നിലപാടിനെതിരെ പ്രതികരിക്കാൻ സാഹിത്യകാരന്മാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്മാരും തയ്യാറാകണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍
കർഷകരുടെ മേൽ ക്രൂരതയുടെ ശരം തൊടുക്കുന്ന വന്യതയുടെ വില്ലും കുലച്ചു നിൽക്കുന്ന വനംവകുപ്പിനോട് മാനിഷാദ അഥവാ അരുതേ കാട്ടാളാ എന്നു പറയാൻ ഈ കാലഘട്ടത്തിന്റെ സാഹിത്യകാരന്മാരും കലാകാരന്മാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്മാരും അധികാരികളും ശക്തമായി കടന്നുവരണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ലയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച കലാസന്ധ്യ – കൈക്കോട്ടും ചിലങ്കയും ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർഷകർ ഒരുമിച്ചു കൈകോർത്താൽ ഒരുപാട് കാര്യങ്ങൾ ചെയ്‌തു തീർക്കാൻ സാധിക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലാ രക്ഷാധികാരിയുമായ മാർ ജോസ് പുളിക്കൽ പറഞ്ഞു. ഇന്നു കർഷകർ നേരിടുന്ന പല കരിനിയമങ്ങളും മാറ്റിയെഴുതിയേ മതിയാകൂ എന്ന് രാഷ്ട്രീയ, സാമൂഹ്യ നേതാക്കളോടു പറയാൻ മടിക്കരുതെന്നും പറയുന്നതിൻ്റെ ഫലം കണ്ടുവരുന്നതായും അദ്ദേഹം പറഞ്ഞു. കർഷകർ ഒരുമിച്ചു നിൽക്കുമെന്ന് വ്യക്തമായ സന്ദേശം നൽകുന്ന സന്ധ്യയാണ് ഈ കലാസന്ധ്യയെന്നും നമുക്ക് ഒരുമിച്ചു മുന്നേറാമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
വികാരി ജനറാൾമാരും ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല സഹരക്ഷാധികാരികളുമായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ, ഫാ. കുര്യൻ താമരശ്ശേരി. ഇൻഫാം ദേശീയ ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ, ഇൻഫാം സംസ്ഥാന ഡയറക്‌ടർ, ഫാ. ജോർജ് പൊട്ടയ്ക്കൽ, കാഞ്ഞിരപ്പള്ളി കാർഷികജില്ല ജോയിൻ്റ് ഡയറക്‌ടർമാരായ ഫാ. റോബിൻ പട്രകാലായിൽ,ഫാ. ആൽബിൻ പുൽത്തകിടിയേൽ, ഫാ. ജിൻസ് കിഴക്കേൽ, കാഞ്ഞിരപ്പള്ളി കാർഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ, ഇൻഫാം ദേശീയ എക്സിക്യൂട്ടീവ് അംഗം സണ്ണി അരഞ്ഞാണിപുത്തൻപുര, ഇൻഫാം ദേശീയ എക്സിക്യൂട്ടീവ് അംഗം മാത്യു മാമ്പറമ്പിൽ, ദേശീയ എക്സിക്യൂട്ടീവ് അംഗം ജോയി തെങ്ങുംകുടി, കുട്ടപ്പന കാർഷിക താലൂക്ക് ഡയറക്‌ടർ വർഗീസ് കുളമ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.
ഇൻഫാം അംഗങ്ങളായ കർഷകരുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്നതിനുമായി കാഞ്ഞിരപ്പള്ളി കാർഷികജില്ലയുടെ നേതൃത്വത്തിൽ പുതുവർഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രോഗ്രാമാണ് “കൈക്കോട്ടും ചിലങ്കയും’ എന്ന കലാസന്ധ്യ. കാർഷികജില്ലയിലെ 12 താലൂക്കുകളിൽ നിന്നുമുള്ള കർഷകരായ കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.