ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ ശക്തമാവും; ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം
സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് മഴ അനുഭവപ്പെടുക.
മലയോര മേഖലയില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായാണ് തീവ്ര മഴ അനുഭവപ്പെടുന്നതെന്നും ഇന്നലെയും ഇന്നും മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കേരള മേധാവി നീത കെ ഗോപാല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ഇന്ന് വൈകുന്നേരം ന്യൂനമര്‍ദ്ദം കേരളത്തിലൂടെ കടന്നുപോകും. അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. ഇന്ന് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ടും, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മഴ കനത്തതോടെ ശബരിമലയില്‍ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം. വനം വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.