ഫിൻജാൽ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 13 പേർ മരിച്ചു
ഫിൻജാൽ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിലും പുതുചേരിയിലുമായി 13 പേർ മരിച്ചു. തിരുവണ്ണാമലൈയിൽ മൂന്ന് പേരും വെല്ലൂരിൽ ഒരാളും മരിച്ചു. വിഴുപ്പുറത്തു ട്രാക്കിൽ വെള്ളം കയറിയതിനാൽ 10 ട്രെയിനുകൾ പൂർണമായി റദ്ദാക്കി.
തിരുവണ്ണാമലൈയിൽ ഇന്നലെ അതിശക്തമായ മഴയാണ് പെയ്തത്. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കുറഞ്ഞ പുതുച്ചേരിയിലും വിഴുപ്പുറത്തും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങിതുടങ്ങി. പലയിടങ്ങളിലും ഇപ്പോഴും വൈദ്യുതിയും നെറ്റ്‍വർക്ക് സംവിധാനവും ഇല്ല. വിഴിപ്പുറം അടക്കമുള്ള ജില്ലകളിൽ ഇന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സന്ദർശനം നടത്തും.
ഫിൻജാൽ ദുർബലമായെങ്കിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും മഴക്കെടുതി തുടരുകയാണ്. വിഴുപ്പുറം, കടലൂർ, തിരുവണ്ണാമലൈ, വെല്ലൂർ , കൃഷ്ണഗിരി, റാണിപ്പെട്ട് , തിരുപ്പത്തൂർ, ധർമ്മഗിരി ജില്ലകളിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. തിരുവണാമലയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് ഏഴ് പേർ കുടുങ്ങിയെന്നാണ് നാട്ടുകാർ പറഞ്ഞത്. ജില്ലയിൽ റെക്കോർഡ് മഴയാണ് പെയ്തത്. കടലൂർ, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്.