2100 ഓടെ 80 % മഞ്ഞുപാളികള്‍ അപ്രത്യക്ഷമാകുമെന്ന് പഠനം


മഞ്ഞാണ് കശ്മീരിന്റെ ഭംഗി. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കശ്മീരിൽ, ഒരുകാലത്ത് സമ്പന്നമായിരുന്ന ഹിമാനികൾ ഇപ്പോൾ കാണാ കാഴ്ചയായി മാറിയിരിക്കുന്നു. 2100 ആകുമ്പോഴേക്കും ഹിമാനികളിൽ 80 ശതമാനമോ അല്ലെങ്കിൽ അഞ്ചിൽ നാല് ഹിമാനികളോ വിസ്മൃതിയിലാകുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഇതേ നിരക്കിൽ തുടരുകയാണെങ്കിൽ, ഇവ അപ്രത്യക്ഷമാകുമെന്ന് പഠനം സ്ഥിരീകരിക്കുന്നു. കനുഗി മെല്ലൺ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡേവിഡ് റൗൺസിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
ഏറ്റവും കുറഞ്ഞ പുറന്തള്ളൽ നടന്നാലും (1.5 ഡിഗ്രി സെൽഷ്യസ് വർദ്ധനവ്) ഹിമാനികളിൽ 25 ശതമാനം അപ്രത്യക്ഷമാകുമെന്ന് കണക്കാക്കപ്പെടുന്നു. അല്ലാത്തപക്ഷം, ഏകദേശം 50 ശതമാനം ഹിമാനികളും നഷ്ടമായേക്കാം. അപ്രത്യക്ഷമാകുന്ന ഹിമാനികളിൽ ഭൂരിഭാഗവും ചെറുതായിരിക്കാം. എന്നിരുന്നാലും, ഇവയുടെ നഷ്ടം ടൂറിസത്തെയും സാംസ്കാരിക മൂല്യങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്.
പ്രാദേശിക തലത്തിൽ ഹിമാനികളുടെ നഷ്ടം കണക്കാക്കാൻ കൂടിയാണ് പഠനം നടത്തിയത്. ആഗോള താപനില 2.7 ഡിഗ്രി സെൽഷ്യസ് പരിധി കടക്കാതിരിക്കാന്‍ പ്രേരണ നല്‍കുന്നത് കൂടിയാണ് പഠനം. മധ്യ യൂറോപ്പ്, പടിഞ്ഞാറൻ കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ ഹിമാനികളെയാണ് കാലാവസ്ഥാ വ്യതിയാനം ആദ്യം ബാധിക്കുക. ആഗോള താപന വര്‍ധനവ് 2 ഡിഗ്രി സെൽഷ്യസ് കടന്നാൽ ബാധിക്കാൻ സാധ്യതയുള്ള ചെറിയ മഞ്ഞുമല പ്രദേശങ്ങളാണിവ. ആഗോളതാപന വര്‍ധനവ് മൂന്ന് ഡിഗ്രി സെൽഷ്യസ് കടന്നാൽ, ഈ പ്രദേശങ്ങളിലെ ഹിമാനികൾ പൂർണ്ണമായും അപ്രത്യക്ഷമായേക്കും.