വണ്ടൻമേട് സർവീസ് സഹകരണ ബാങ്കിനെതിരെ യുഡിഎഫ് നടത്തുന്ന ആരോപണം വാസ്തവ വിരുദ്ധമെന്ന് ഭരണസമിതി.
ഡിസംബർ 15ന് നടക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം. കഴിഞ്ഞ 2ന് പൊതുയോഗം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ക്വാറം തികയാത്തതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. ബാങ്കിൽ അംഗത്വം നൽകുന്നത് നിയമാവലിക്ക് വിധേയമായാണ്. അംഗങ്ങൾക്ക് വോട്ടവകാശം വിനിയോഗിക്കണമെങ്കിൽ ബാങ്കിൻ്റെ വോട്ടർ കാർഡിനൊപ്പം സഹകരണ ഇലക്ഷൻ കമ്മിഷൻ അംഗീകരിച്ച ഏതെങ്കിലും കാർഡ് കൂടി ഹാജരാക്കണം. ജീവനക്കാർക്ക് ഇതുവരെ ശമ്പളം നൽകാതിരുന്നിട്ടില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബാങ്കിൽ നിയമനം നടക്കുന്നത്. നിക്ഷേപകർക്ക് ഇതുവരെ പണം നൽകാത്ത സ്ഥിതി ഉണ്ടായിട്ടില്ല. ബാങ്കിൽ അഞ്ചുവർഷമായി സാമ്പത്തിക ക്രമക്കേടോ ബിനാമി വായ്‌പ നൽകലോ ഉണ്ടായിട്ടില്ല. മാർച്ച് 31 വരെ ഓഡിറ്റ് പൂർത്തിയായിട്ടുള്ളതാണ്. യുഡിഎഫ് സമരത്തിൽ പങ്കെടുത്തിട്ടുള്ള നേതാക്കളിൽ മിക്കവരും കുടിശികയുള്ളവരും നടപടി നേരിടുന്നവരുമാണെന്നും ഭരണസമിതി പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രസിഡൻ്റ് ചാക്കോ വർഗീസ്, സിബി എബ്രഹാം, പി ബി സുരേഷ്കുമാർ, ജോയി തോമസ്, പാൽപാണ്ഡ്യൻ, സുവർണകുമാരി വിനോദ്, മരിയ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.