‘നിങ്ങളും എന്റെ കുടുംബം, സ്നേഹത്തിന് നന്ദി’: പൊതുപരിപാടിയില്‍ പ്രിയങ്ക, വേദിയില്‍ സോണിയയും


തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനായി എത്തിയ പ്രിയങ്ക ഗാന്ധിക്ക് വന്‍ സ്വീകരണം നല്‍കി യുഡിഎഫ് പ്രവര്‍ത്തകര്‍. റോഡ്‌ഷോയ്ക്ക് ശേഷം പ്രിയങ്കയുടെ പൊതുപരിപാടി ആരംഭിച്ചു. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പടെ വേദിയിലുണ്ട്. വയനാടിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നത് ആദരമായി കണക്കാക്കുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. പതിനേഴാം വയസിലാണ് താന്‍ ആദ്യമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. വയനാടിന്റെ ഭാഗമാകുന്നത് വലിയ അംഗീകാരമാണെന്നും പ്രിയങ്ക പറഞ്ഞു.
വയനാട്ടിലെ ജനകീയ വിഷയങ്ങളില്‍ ഇടപെടും. ഓരോ ആളുകളുടെയും വീട്ടിലെത്തി പ്രശ്‌നങ്ങള്‍ കേള്‍ക്കും. താന്‍ കാരണം ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. വലിയ ആവേശത്തോടെയാണ് ന്യൂ ബസ് സ്റ്റാന്റില്‍ നിന്ന് ആരംഭിച്ച പ്രിയങ്കയുടെ റോഡ് ഷോയില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തത്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും കെ സുധാകരനും പി കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പടെ പ്രിയങ്ക ഗാന്ധിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു.
പതിനായിരങ്ങളാണ് റോഡ് ഷോയുടെ ഭാഗമായത്. മൂവര്‍ണ നിറത്തിലുള്ളതും ഹരിത വര്‍ണത്തിലുമുള്ള ബലൂണുകള്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ ആവേശം പങ്കുവെച്ചത്. കനത്ത ചൂടും വെയിലും വക വെക്കാതെയാണ് റോഡ് ഷോ കടന്നുപോകുന്ന വഴികളില്‍ ആളുകള്‍ തടിച്ചുകൂടിയത്.
‘Welcome Priyanka Gandhi’ പ്ലക്കാര്‍ഡുകളും പ്രവര്‍ത്തര്‍ ഉയര്‍ത്തി. വിവിധ ജില്ലകളില്‍ നിന്നടക്കമാണ് പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. ഇന്ദിരാഗാന്ധിയെപ്പോലെ പ്രിയങ്കയെ കാണുമെന്നായിരുന്നു ജനക്കൂട്ടത്തിന്റെ പ്രതികരണം.