‘തിരുവാക്കിന് എതിര്‍വാ ഇല്ല എന്ന നിലപാട് ഏകാധിപത്യത്തിന്‍റേത്’; മുഖ്യമന്ത്രിക്കെതിരെ ‘സുപ്രഭാതം’
മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി സമസ്ത മുഖപത്രം ‘സുപ്രഭാതം’. കേരളം അറിയാന്‍ ആഗ്രഹിച്ച ഉത്തരങ്ങളില്‍ നിന്നുള്ള സര്‍ക്കാരിന്റെ ഒളിച്ചോട്ടം ദുരൂഹമാണെന്ന് സുപ്രഭാതം പറഞ്ഞു. അന്‍വര്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങളിലും സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണ്. മുഖ്യമന്ത്രിയുടേതായി വന്ന അഭിമുഖത്തിന്റെ വാസ്തവം ആര്‍ക്കും ഇപ്പോഴും അറിയില്ല. പിആര്‍ ഏജന്‍സി ആണ് പിന്നിലെങ്കില് എന്ത് കൊണ്ട് നടപടി ഇല്ല എന്ന് മുഖ്യമന്ത്രി പറയണം. തിരുവാക്കിന് എതിര്‍വാ ഇല്ല എന്ന നിലപാട് ഏകാധിപത്യത്തിന്റേതാണെന്നും സുപ്രഭാതം അഭിപ്രായപ്പെട്ടു. ‘ഒളിച്ചോട്ടം സഭ ചോദ്യങ്ങളിലും എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് വിമര്‍ശനം.
കേരളം ഗൗരവത്തോടെ ചര്‍ച്ച ചെയ്ത ഒട്ടനവധി വിഷയങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ലെന്ന് സുപ്രഭാതം കുറ്റപ്പെടുത്തുന്നു. നിയമസഭയില്‍ നിന്ന് പോലും ഒളിച്ചോടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. വിവാദ വിഷയങ്ങളിലെ മറുപടി ഭയന്ന് പ്രതിപക്ഷനിരയിലുള്ളവരുടെ ചോദ്യങ്ങള്‍തന്നെ സര്‍ക്കാര്‍ തരംമാറ്റി. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വിവാദ വിഷയങ്ങളിലെ നിയമസഭാ ചോദ്യങ്ങള്‍ക്ക് നേരിട്ടുള്ള മറുപടി ഒഴിവാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഈ ഒളിച്ചോട്ടം എന്തിനാണെന്ന ചോദ്യം പ്രതിപക്ഷത്തിന്റെ മാത്രമല്ല, നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടേതു കൂടിയാണെന്ന് സുപ്രഭാതം പറയുന്നു.
മലപ്പുറം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തിന്റെ മറവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുവെന്ന മുഖ്യമന്ത്രിയുടേതായി ‘ദ ഹിന്ദു’ പത്രത്തില്‍ വന്ന അഭിമുഖത്തിന്റെ വസ്തുത എന്തെന്ന് ഇനിയും ആര്‍ക്കും അറിയില്ല. ഇങ്ങനെ ഒരു അഭിപ്രായം തനിക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ഈ ഗുരുതര പരാമര്‍ശം എങ്ങനെ കടന്നുകൂടിയെന്നതില്‍ ഉരുണ്ടുകളിയാണ് തുടരുന്നത്. മുഖ്യമന്ത്രി പറയാത്ത കാര്യങ്ങള്‍ ഒരു പി ആര്‍ ഏജന്‍സി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് പത്രം പറയുമ്പോള്‍ പ്രസ്താവന നല്‍കിയവര്‍ക്കെതിരേ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും സുപ്രഭാതം ആവശ്യപ്പെടുന്നു. തൃശൂര്‍ പൂരം കലക്കലില്‍ എ ഡി ജി പിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ഡിജിപി വിലയിരുത്തിയതാണ്. എന്നിട്ടും എ ഡി ജി പിയെ സ്ഥാനത്ത് നിന്ന് നീക്കിയില്ല. ഘടകകക്ഷിയായ സ പി ഐ തന്നെ ഈ ആവശ്യം ഉന്നയിച്ചിട്ടും അവരെ അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയുമുള്ള മുഖ്യമന്ത്രിയുടെ നിലപാട് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും സുപ്രഭാതം ചോദിക്കുന്നു.