കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുകൾ മാർക്സിസ്റ്റ് പാർട്ടിയുടെ സമാന്തര ഓഫീസുകളായി പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനം ജനാധിപത്യ മര്യാദയുടെ ലംഘനമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി

യുഡിഎഫ് അനുഭാവികളായ കുടുംബശ്രീ പ്രവർത്തകർ പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് ലഘുലേഖകൾ വിതരണം ചെയ്യുന്ന ജോലി ഏറ്റെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ഭവനസന്ദർശനത്തിനായി തയ്യാറാക്കിയിട്ടുള്ള ലഘുലേഖകൾ കൂടി മുഖ്യമന്ത്രിയുടെ നോട്ടീസിനൊപ്പം വിതരണം ചെയ്യാൻ കുടുംബശ്രീക്ക് നിർദേശം നൽകാൻ സർക്കാർ തയ്യാറാണോ എന്ന് വ്യക്തമാക്കണം.
സിപിഎം ഓഫീസുകൾ വഴി വിതരണം ചെയ്യേണ്ടതും പാർട്ടി പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി വിതരണം ചെയ്യേണ്ടതുമായ തിരഞ്ഞെടുപ്പ് ലഘുലേഖകൾ ഖജനാവിലെ പണം ചെലവഴിച്ച് വിതരണം ചെയ്യുന്നത് ശരിയായ നടപടിയല്ല. ലഘുലേഖ വിതരണം ചെയ്യാത്തതിന്റെ പേരിൽ കുടുംബശ്രീ ഭാരവാഹികൾക്കോ കുടുംബശ്രീ സംവിധാനങ്ങൾക്കോ എതിരെ നടപടിക്ക് ജില്ലാ മിഷൻ മുതിർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യുഡിഎഫ് ചെയർമാൻ മുന്നറിയിപ്പ് നൽകി. പഞ്ചായത്ത് തല കുടുംബശ്രീ സിഡിഎസുകളെ ഏൽപ്പിച്ചിരിക്കുന്ന ലഘുലേഖകൾ ജില്ലാ കോർഡിനേറ്റർമാർ തിരികെ വാങ്ങി സിപിഎം ഓഫീസുകൾ വഴി വിതരണം ചെയ്യുന്ന നടപടിയായിരിക്കും ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു













































































