ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; വോട്ട് രേഖപ്പെടുത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 26 മണ്ഡലങ്ങളിലായി 239 സ്ഥാനാർഥികൾ ആണ് ജനവിധി തേടുന്നത്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. എല്ലാ പൗരന്മാരോടും വോട്ട് രേഖപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിയ്ക്കാനും മോദിയുടെ അഭ്യർത്ഥന.
തീവ്രവാദ രഹിതവും വികസിതവുമായ ജമ്മു കശ്മീർ സൃഷ്ടിക്കുന്നതിനായി പരമാവധി പേരും വോട്ട് രേഖപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷ പറഞ്ഞു. യുവാക്കളുടെ സുവർണ്ണ ഭാവിക്കും അധഃസ്ഥിതരുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കും വേണ്ടി പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുന്ന സർക്കാരിനായി വോട്ട് ചെയ്യണം. ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ജമ്മു കശ്മീരിനെ തീവ്രവാദം, സ്വജനപക്ഷപാതം, അഴിമതി എന്നിവയിൽ നിന്ന് മോചിപ്പിക്കാനും വോട്ട് ചെയ്യണമെന്നും അമിത് ഷ ആവശ്യപ്പെട്ടു
മധ്യകശ്മീരിലെ ബുദ്ഗാം, ശ്രീനഗർ, ഗന്ദർബാൽ, ജമ്മു മേഖലയിലെ പൂഞ്ച്, രജൗരി, റിയാസി ജില്ലകളിലായി 26 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 10 വർഷത്തിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, വോട്ടേഴ്സിൽ നിന്ന് മികച്ച പ്രതികരണമാണ് ഒന്നാംഘട്ടത്തിൽ ഉണ്ടായത്. രണ്ടാം ഘടത്തിലും പോളിംഗ് നിരക്ക് ഉയരും എന്ന പ്രതീക്ഷയിലാണ് പാർട്ടികൾ.
25.78 ലക്ഷത്തോളം വോട്ടർ ഈ ഘട്ടത്തിൽ 239 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കും. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, അപ്നി പാർട്ടിയുടെ അൽത്താഫ് ബുഖാരി, ബിജെപിയുടെ രവീന്ദർ റെയ്ന, ജമ്മുകശ്മീർ പിസിസി അധ്യക്ഷൻ താരിഖ് ഹമിദ് കാര തുടങ്ങിയവരാണ് നാളെ ജനവിധി തേടുന്ന പ്രമുഖർ. ഭീകരാക്രമണ ഭീഷണികളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.