എംഎം ലോറൻസിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി; തീരുമാനം മകളുടെ ഹർജിയിൽ
അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മകൾ ആശ ലോറൻസ് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹർജിയിൽ തീരുമാനം പിന്നീടുണ്ടാകും. എത്രയും വേഗം വിഷയത്തിൽ തീരുമാനമുണ്ടാകുമെന്ന് കോടതി പറഞ്ഞു.
ഇന്ന് വൈകീട്ട് നാല് മണിക്ക് എം എം ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. ഇതിനെതിരായാണ് ആശ ലോറൻസ് ഹർജി സമർപ്പിച്ചത്.
മൃതദേഹം പള്ളിയിൽ സംസ്‌കരിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്നും ആശ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറണമെന്ന കാര്യം പിതാവ് തങ്ങളോട് പറഞ്ഞിട്ടില്ലെന്നാണ് ആശാ ലോറൻസിന്റെ വാദം. തനിക്ക് ഇതേപ്പറ്റി അറിയില്ലെന്നും ഇങ്ങനെ ഒരു കാര്യത്തിന് എല്ലാ മക്കളുടേയും സമ്മതം ആവശ്യമാണെന്നും ആശ പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജിൽ വൈദ്യപഠനത്തിന് നൽകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കോടതി ഇടപെട്ട് ഇത് തടയണമെന്നും ആശാ ലോറൻസ് ആവശ്യപ്പെടുന്നു.
അതേസമയം ഹർജിക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് സഹോദരൻ സജീവൻ ആരോപിച്ചു. ഹർജി കൊടുപ്പിച്ചത് ബിജെപിക്കാരാണ്. മൃതദേഹം കൈമാറുന്നതിനുള്ള സമ്മതപത്രം കൊടുത്തു കഴിഞ്ഞു. പിതാവ് എക്കാലവും കമ്മ്യൂണിസ്റ്റുകാരനെന്നും സജീവൻ പറഞ്ഞു. പിതാവിന്റെ മൃതദേഹം വിട്ടുനൽകുന്നതിനുള്ള സമ്മതപത്രം താനും മറ്റൊരു സഹോദരിയും ചേർന്ന് നൽകിയിട്ടുണ്ട്. മൃതദേഹം വിട്ടു നൽകുന്നതിന് പിതാവും താത്പര്യം പ്രകടിപ്പിരുന്നു. ഇക്കാര്യം തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ആശ ഇതുമാത്രമല്ല ചെയ്തിരിക്കുന്നത്. ഇതിന് മുൻകാല ചരിത്രമുണ്ട്. മുൻപ് പിതാവിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെതിരെ ആശ രംഗത്തുവന്നതാണ്. അതിന് പിന്നിൽ ചില ആളുകളുണ്ടായിരുന്നുവെന്നും സജീവൻ വ്യക്തമാക്കി.