‘വാട്ടർ അതോറിറ്റിക്ക് വീഴ്ചയുണ്ടായി, 50 ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ട്’; വി കെ പ്രശാന്ത് എംഎൽഎ


തിരുവനന്തപുരത്ത് നാല് ദിവസമായി തുടരുന്ന ജല വിതരണ പ്രശ്‌നത്തില്‍ വാട്ടർ അതോറിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി കെ പ്രശാന്ത് എംഎല്‍എ. കുടിവെള്ള പ്രതിസന്ധിയിൽ വാട്ടർ അതോറിറ്റിക്ക് വീഴ്ചയുണ്ടായി. മന്ത്രിക്ക് പരാതി നൽകും. ഇതെങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കണം. ജല അതോറിറ്റി നഗരസഭയ്ക്ക് കൃത്യമായ അറിയിപ്പ് നല്‍കിയില്ലെന്നും പ്രശാന്ത് പറഞ്ഞു.
പ്രശനം ഉടൻ പരിഹരിക്കും. 50 ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ ബുദ്ധിമുട്ടാണുണ്ടായത്. ഫോണ്‍ വിളിക്കുന്നവരുടെ നമ്പര്‍ കുറിച്ചെടുത്ത് ടാങ്കറുകളെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.
നഗരം മുഴുവന്‍ കുടിവെള്ളം മുടങ്ങുന്ന സാഹചര്യമെങ്ങനെയുണ്ടായിയെന്ന് പരിശോധിക്കപ്പെടണമെന്ന് എംഎല്‍എ പറഞ്ഞു. തിരുവനന്തപുരം പോലുള്ള വലിയ നഗരത്തില്‍ ജല വിതരണത്തിന് അനുഭവസ്ഥരായ ഉദ്യോഗസ്ഥരെ വെക്കണം.
കൃത്യമായ ജാഗ്രതയുണ്ടാകണമായിരുന്നു. നേമത്ത് പണി നടക്കുമ്പോള്‍ നഗരത്തില്‍ മൊത്തം വെള്ളം മുട്ടിക്കേണ്ട സാഹചര്യമില്ല. രണ്ടോ മൂന്നോ വാല്‍വുകളടച്ച് അഞ്ചോ ആറോ വാര്‍ഡുകളില്‍ മാത്രം വെള്ളം മുടങ്ങുകയുള്ളുവെന്നും വി കെ പ്രശാന്ത് പറഞ്ഞു.