previous arrow
next arrow
Idukki വാര്‍ത്തകള്‍

രാജസ്ഥാന്റെ ‘മേജർ മിസിങ്!’ സഞ്ജു CSK യിലേക്ക്?; ധോണിയുടെ പകരക്കാരനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍



ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. പല വമ്പന്‍ താരങ്ങളും ഇത്തവണ കൂടുമാറാനുള്ള സാധ്യത കൂടുതലാണെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണിന്റെ കൂടുമാറ്റത്തിലേക്കാണ്. മെഗാ ലേലത്തിന് മുന്‍പ് സഞ്ജു രാജസ്ഥാന്‍ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

രാജസ്ഥാന്‍ ക്യാപ്റ്റനെ സ്വന്തമാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉള്‍പ്പെടെയുള്ള വമ്പന്‍ ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നും വാര്‍ത്തകളുണ്ട്. സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് കൂടുമാറുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ചെന്നൈയില്‍ ഇതിഹാസ താരം എംഎസ് ധോണിയുടെ പകരക്കാരനായി വിക്കറ്റിന് പിന്നിലേക്ക് സഞ്ജു എത്താനുള്ള സാധ്യതയാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ ചെന്നൈയ്ക്ക് ക്യാപ്റ്റന്‍ ഉള്ളതിനാല്‍ സഞ്ജുവിനെ തട്ടകത്തിലെത്തിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എങ്കിലും മധ്യനിരയില്‍ സഞ്ജുവിനെ പോലൊരു ബാറ്ററെ ചെന്നൈയ്ക്ക് ആവശ്യമുണ്ട്. മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി അടുത്ത സീസണില്‍ ചെന്നൈയ്ക്ക് വേണ്ടി കളത്തിലിറങ്ങുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 43കാരനായ ധോണി ഏതുനിമിഷവും കളമൊഴിയുമെന്ന സാഹചര്യത്തില്‍ വിക്കറ്റ് കീപ്പറിനെയും ചെന്നൈയ്ക്ക് ആവശ്യമുണ്ട്. അതുകൊണ്ട് സഞ്ജുവിനെ തട്ടകത്തിലെത്തിക്കാനുള്ള സാധ്യതയും കൂടുതലാണ്.

അതേസമയം സിഎസ്‌കെയുടെ ഓള്‍റൗണ്ടര്‍ ശിവം ദുബെ രാജസ്ഥാന്‍ റോയല്‍സിലേക്ക് മടങ്ങിയെത്തുമെന്നും സൂചനയുണ്ട്. സഞ്ജുവിനെ ട്രേഡിങ് വിന്‍ഡോയിലൂടെ കൈമാറുമെങ്കില്‍ സിഎസ്‌കെയില്‍ നിന്ന് ദുബെയെ രാജസ്ഥാന്‍ തിരിച്ച് തട്ടകത്തിലെത്തിച്ചേക്കും. അതേസമയം ദുബെയെ വാങ്ങി സഞ്ജുവിനെ വിട്ടുനല്‍കാന്‍ രാജസ്ഥാന്‍ തയ്യാറാവില്ലെന്നും പ്രതികരണങ്ങളുണ്ട്.


സഞ്ജുവിനെ സിഎസ്‌കെ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ശക്തമായിരുന്നു. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റും ആരാധകരുടെ ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശക്തി പകരുകയും ചെയ്തു.

ജോസ് ബട്‌ലര്‍ അടക്കമുള്ള സഹരതാരങ്ങള്‍ക്കും ടീം ഡയറക്ടര്‍ കുമാര്‍ സങ്കക്കാരയ്ക്കുമൊപ്പമുള്ള സഞ്ജുവിന്റെ വ്യത്യസ്തമായ ആഹ്‌ളാദ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയായിരുന്നു റോയല്‍സ് പോസ്റ്റ് ചെയ്തത്. ‘മേജര്‍ മിസ്സിങ്’ എന്ന ക്യാപ്ഷനൊപ്പം കരയുന്ന ഇമോജിയും ലവ് ചിഹ്നവും വെച്ചാണ് ടീം വീഡിയോ പങ്കുവെച്ചിട്ടുള്ളത്. 28 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ സഞ്ജു റോയല്‍സ് വിടുമെന്ന ആശങ്ക പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

2013ല്‍ രാജസ്ഥാന്‍ കുപ്പായത്തിലാണ് സഞ്ജു തന്റെ ഐപിഎല്‍ യാത്ര ആരംഭിക്കുന്നത്. രാജസ്ഥാന് വിലക്കേര്‍പ്പെടുത്തിയ മൂന്ന് വര്‍ഷങ്ങളില്‍ താരം ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിക്കുകയും ചെയ്തു. 2021ല്‍ രാജസ്ഥാന്റെ നായകസ്ഥാനം ഏറ്റെടുത്ത സഞ്ജുവിന് അടുത്ത സീസണില്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കാന്‍ സാധിച്ചു. കഴിഞ്ഞ സീസണില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് വരെ എത്തിയെങ്കിലും രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനോട് പരാജയം വഴങ്ങി പുറത്താവുകയായിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!