മഴയിലും ചൂടുപിടിച്ച് സ്കൂൾ വിപണികൾ സജിവമായി. വിലക്കുറവിന്റ് വൻ ശേഖരമാണ് കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നീതി പേപ്പർ മാർട്ടിൽ ഒരുക്കിയിരിക്കുന്നത്
രണ്ടുമാസത്തെ വേനലവധിയോട് വിടപറഞ്ഞ് സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്കൂൾ വിപണിയിൽ തിരക്കേറി.
ബാഗും കുടയും ടിഫിൻ ബോക്സും യൂനിഫോമും നോട്ടുബുക്കുകളും വാങ്ങാനുള്ള ഓട്ടത്തിലാണ് രക്ഷിതാക്കളും കുട്ടികളും.
മഴ എത്തിയതോടെ കുടകൾക്കും റെയിൻകോട്ടിനും വിൽപന കൂടി.
സ്കൂള്‍ വിപണിയില്‍ വില കൂടാത്ത ഒരു ഇനംപോലുമില്ല.
വിലക്കയറ്റം നട്ടെല്ലൊടിക്കുമെങ്കിലും കുട്ടികളുടെ കാര്യമായതുകൊണ്ട് ഒന്നിനും ഒരു കുറവും വരുത്തുന്നില്ല രക്ഷിതാക്കള്‍.
മിക്ക സ്കൂൾ ഉൽപന്നങ്ങൾക്കും ഇത്തവണ 10 മുതൽ 20 ശതമാനം വരെ വില വർധിച്ചത് രക്ഷിതാക്കൾക്ക് തിരിച്ചടിയാണ്.
പല കടകളിലും കുട്ടികളെയും രക്ഷിതാക്കളെയും ആകർഷിക്കാൻ സ്കൂൾ കിറ്റുകൾ ഒരുക്കിയിട്ടുണ്ട്.
കിറ്റുകൾക്ക് 2000 രൂപക്ക് മുകളിലാണ് വില. നോട്ട് ബുക്കുകൾക്ക് അഞ്ച് മുതൽ10 രൂപ വരെ വില വർധിച്ചു.
അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് വിലകൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
സാധനങ്ങളുടെ വില വർധനവിന് സമാനമായി വരുമാനം വർധിക്കാത്തതാണ് രക്ഷിതാക്കൾക്ക് തിരിച്ചടിയാകുന്നത്.
രണ്ട് കുട്ടികൾക്ക് പഠന സാമഗ്രികൾ വാങ്ങാൻ മാത്രം 5000 രൂപയെങ്കിലും ചെലവഴിക്കേണ്ടിവരുന്നതായി പലരും ചൂണ്ടിക്കാട്ടുന്നു.
ഇതിനൊപ്പം സ്കൂൾ ഫീസും യൂണിഫോമുമടക്കം അനുബന്ധ ചെലവുകൾ വേറെയും.
ജീവിതച്ചെലവ് നാൾക്കുനാൾ വർധിക്കുമ്പോഴാണ് സ്കൂൾ വിപണി കുടുംബങ്ങളെ പൊള്ളിക്കുന്നത്.
എന്നാൽ കട്ടപ്പനയിൽ ടീച്ചേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നീതി പേപ്പർ മാർട്ടിൽ ബുക്കുകൾക്കും അനുബന്ധ വസ്തുകൾക്കും പൊതു വിപണിയെ അപേക്ഷിച്ച് വൻ വിലക്കുറവാണ്.
അതിനാൽ തന്നെ ഇവിടെ തിരക്കും വർദ്ധിക്കുകയാണ്.
സ്കൂൾ തുറക്കുന്ന സമയം രക്ഷിതാക്കൾ വൻ സാമ്പത്തിക ബാധ്യതയിലാകുന്ന സമയത്ത് കട്ടപ്പനയിലെ നീതി പേപ്പർ മാർട്ട് ഒരു കൈ താങ്ങാവുകയാണ്.