മൂന്നാറിൽ വിദ്യാര്‍ത്ഥികളുമായി ജീപ്പില്‍ അഭ്യാസപ്രകടനം: ഡ്രൈവറെ പിടികൂടി
വിദ്യാർത്ഥികളെ കയറ്റിയ ജീപ്പില്‍ അപകടകരമാംവിധം അഭ്യാസപ്രകടനം നടത്തിയ ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് പിടികൂടി.
മൂന്നാർ പള്ളിവാസല്‍ ആറ്റുകാട് പവർ ഹൗസ് സ്വദേശി എസക്കി രാജയെയാണ് (29) എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. ഡ്രൈവർക്കെതിരെ കേസെടുത്തു. ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് ഇടുക്കി ആർ.ടി.ഒ കെ.കെ രാജീവ് പറഞ്ഞു. ഈ മാസം ആറിന് മാട്ടുപ്പെട്ടി ഭാഗത്തു നിന്ന് മൂന്നാറിലേക്ക് ഇയാള്‍ വിദ്യാർത്ഥികളുമായി പോകുന്നതിനിടെയാണ് സംഭവം.
നാലു കമാണ്ടർ ജീപ്പുകളിലാണ് പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാർത്ഥികളെ സവാരി കൊണ്ടുപോയത്. ടൂറിന്റെ ആഘോഷത്തില്‍ വിദ്യാർത്ഥികള്‍ വാഹനത്തില്‍ പാട്ടും മേളവുമായി ആഘോഷിക്കുന്നുണ്ടായിരുന്നു. ഇവരെ ഹരം പിടിപ്പിക്കുന്നതിന്റെ ഭാഗമായി അമിത വേഗത്തില്‍ തിരക്കേറിയ റോഡില്‍ ജീപ്പുകള്‍ റോഡില്‍ ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ച് ഓടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട വിനോദസഞ്ചാരികളാണ് സംഭവത്തിന്റെ വീഡിയോ എടുത്ത് ആർ.ടി.ഒയ്ക്കും ജില്ലാ പൊലീസ് മേധാവിക്കും അയച്ചുനല്‍കിയത്.
തുടർന്നാണ് ഇന്നലെ വാഹനം പിടികൂടിയത്. മൂന്നാർ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ എം.വി.എ വി.ഐ. ഷാനവാസ്, എ.എം.വി.ഐമാരായ ബിനു കൂരാപ്പിള്ളില്‍, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന മറ്റ് ജീപ്പ് ഡ്രൈവർമാർക്കെതിരെയും നടപടി ഉണ്ടാകും.