ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നടന്ന സതേൺ ഇന്ത്യ സയൻസ് ഫെയറിൽ വ്യക്തിഗത പ്രോജക്ടിൽ ഒന്നാം സ്ഥാനം നേടി കാൽവരി ഹൈസ്കൂളിലെ അലക്സ് ബിജു ഇടുക്കിക്ക് അഭിമാനമായി
ജില്ലയിൽ നിന്നും സതേൺ ഇന്ത്യ സയൻസ് ഫെയറിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക വിദ്യാർത്ഥിയാണ് അലക്സ് ബിജു. കാൽവരി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അലക്സ് ബിജു.
തെലുങ്കാന, ആന്ധ്രപ്രദേശ്, കർണാടക, കേരള, തമിഴ്നാട്, പോണ്ടിച്ചേരി തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ ശാസ്ത്ര പ്രതിഭകൾ മാറ്റുരച്ച സതേൺ ഇന്ത്യ സയൻസ് ഫെയറിലാണ് ഇടുക്കിയിൽ നിന്നുള്ള മിടുക്കൻ വ്യക്തിഗത പ്രോജക്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഈ വർഷം ഫെയറിന് ആന്ധ്രപ്രദേശിലെ വിജയവാഡയാണ് ആതിഥേയത്വം വഹിച്ചത്. ജനുവരി 27 മുതൽ ഫെബ്രുവരി ഒന്നു വരെയാണ് ദക്ഷിണേന്ത്യൻ ശാസ്ത്രമേള നടത്തിയത്. ‘ സംസ്ഥാന ശാസ്ത്രമേളകളിൽ സമ്മാനാർഹരായ കുട്ടികളാണ് ഇതിൽ പങ്കെടുക്കുന്നത്. വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നല്കി അധ്യാപകൻ ആനന്ദ് ടോമാണ് ഫെയറിൽ
അലക്സ് ബിജുവിനൊപ്പം പോയത്. സംസ്ഥാന ശാസ്ത്രമേളയിൽ ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റ് വിഭാഗത്തിൽ അനുനാദം എന്ന പ്രതിഭാസത്തെ ആസ്പദമാക്കി ചെയ്ത നൃത്തം ചെയ്യുന്ന അഗ്നി ഒരുക്കി മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് സതേൺ ഇന്ത്യ സയൻസ് ഫെയറിൽ പങ്കെടുക്കാൻ അലക്സ് അവസരം നേടിയത്. ഭൗതിക ശാസ്ത്രത്തിലെ റിസൊണൻസ് എന്ന പ്രതിഭാസത്തെ ആസ്പദമാക്കിയുള്ള പരീക്ഷണങ്ങളാണ് ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ അലക്സ് തിരഞ്ഞെടുത്തത്. അലക്സിൻ്റെ വിജയം ഇടുക്കി ജില്ലയ്ക്കാകെ അഭിമാനനേട്ടമായി മാറി.