16.5 ലിറ്റർ വിദേശമദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

ഇടുക്കി: 16.5 ലിറ്റർ വിദേശമദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ എക്സൈസ് സംഘം പിടികൂടി. ഉപ്പുതറ മാട്ടുതാവളം ബ്രാഞ്ച് സെക്രട്ടറി രതീഷാണ് പിടിയിലായത്. മാട്ടുതാവളത്താണ് രതീഷിന്‍റെ വീട്.പീരുമേട് എക്സൈസ് ആണ് രതീഷിനെ പിടികൂടിയത്. ചില്ലറ വില്പനക്ക് വാങ്ങി സൂക്ഷിച്ചിരുന്നതാണ് വിദേശ മദ്യമെന്നാണ് എക്സൈസ് പറയുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സംസ്ഥാനത്ത് മദ്യഷോപ്പുകൾക്ക് അവധിയുള്ള ദിവസങ്ങളിലായിരുന്നു രതീഷിന്‍റെ മദ്യവിൽപന. ഫെബ്രുവരി ഒന്ന് ആയതിനാൽ ഇന്ന് സംസ്ഥാനത്തെ മദ്യഷോപ്പുകൾക്ക് അവധിയാണ്. ഇതോടെയാണ് രതീഷ് ഇന്നത്തെ വിൽപനയ്ക്കായി കഴിഞ്ഞദിവസങ്ങളിൽ വൻതോതിൽ മദ്യം വാങ്ങി ശേഖരിച്ചത്.രതീഷ് മദ്യവിൽപന നടത്തുന്നുവെന്ന രഹസ്യവിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാളെ കുറച്ചുദിവസമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇന്ന് രതീഷ് മദ്യവിൽപന നടത്താൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് രതീഷിനെ കസ്റ്റഡിയിലെടുത്തത്. ഈ സമയം ഇയാളുടെ കൈവശം 16.5 ലിറ്റർ മദ്യമുണ്ടായിരുന്നുവെന്നാണ് എക്സൈസ് സംഘം പറയുന്നത്.
















































































































