പുരയിടത്തില്‍ 10 രാജവെമ്പാലകള്‍; ഭീതിയോടെ അനിലിന്റെ കുടുംബം
പീരുമേട്: രണ്ടു ദിവസത്തിനിടെ പുരയിടത്തില്‍ നിന്നും 10 രാജവെമ്പാലകളെ കണ്ടെത്തിയതോടെ ഭീതിയില്‍ ഒരു കുടുബം. പീരുമേട് തോട്ടാപ്പുര ശ്രീകൃഷ്ണ നിലയം അനിലിന്റെ വീട്ടിലാണ് പാമ്പുകള്‍ കൂട്ടത്തോടെ എത്തിയത്. വ്യാഴാഴ്ച രാവിലെ അനിലിന്റെ മകള്‍ മുറ്റം അടിക്കാനിറങ്ങിയപ്പോളാണ് ഒരു പാമ്പിനെ കാണുന്നത്. പിന്നീട് മൂന്നെണ്ണത്തിനെ കൂടി കണ്ടതോടെ വനം വകുപ്പിലറിയിക്കുകയായിരുന്നു.
ഫോറസ്റ്റ് ഓഫിസര്‍ എ.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇവയെ പിടികൂടി. എന്നാല്‍ വെള്ളിയാഴ്ച വീണ്ടും പാമ്പുകളെ കണ്ടു. രണ്ടു ദിവസത്തിനകം 10 പാമ്പുകളെയാണ് പിടികൂടിയത്. അനിലിന്റെ പറമ്പിന്റെ ചുറ്റുമതിലില്‍ രാജവെമ്പാല കൂട് കൂട്ടി മുട്ട ഇട്ടിരിക്കുകയാണന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ കണ്ടെത്തി.
ശനിയാഴ്ച ഉച്ചയോടെ മൂന്ന് എണ്ണത്തിനെ കൂടി പിടികൂടിയെങ്കിലും തള്ള പാമ്പിനെ ഇതുവരെ കണ്ടെത്താനായില്ല. രാജവെമ്പാലകള്‍ ഒറ്റത്തവണ എണ്പതു മുതല്‍ നൂറ്റിയിരുപതു മുട്ടകള്‍ വരെ ഇടുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനിടെ അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന് ഒരു വെള്ളികെട്ടനെ കൂടി പിടികൂടി തേക്കടി വനത്തില്‍ തുറന്നു വിട്ടു.