അണക്കെട്ടുകൾ തുറന്നു; പെരിയാറിനു മധ്യത്തിൽ പാറയിൽ കുടുങ്ങി യുവാക്കൾ, ഫോൺ വിളിയിൽ പാഞ്ഞെത്തി രക്ഷകർ.
അടിമാലി ∙ അണക്കെട്ടുകൾ തുറന്നുവിട്ടതിനെത്തുടർന്ന് പെരിയാറിനു മധ്യത്തിലുള്ള പാറയിൽ കുടുങ്ങിയ ആദിവാസി യുവാക്കളെ പൊലീസും അഗ്നിരക്ഷാ സേനയും വനപാലകരും ചേർന്നു രക്ഷപ്പെടുത്തി. ഇടുക്കി കരിമണലിനു സമീപം പാംബ്ല അണക്കെട്ടിനു താഴ്‌ഭാഗത്തായാണ് അഞ്ചാംമൈൽ ആദിവാസിക്കുടിയിൽ നിന്നുള്ള ചെല്ലപ്പൻ(40), സതീഷ്(31), ചന്ദ്രൻ(20) എന്നിവർ കുടുങ്ങിയത്.
പെരിയാറിനു മധ്യത്തിലുള്ള പാറയിൽ താൽക്കാലിക കുടിൽ കെട്ടി രണ്ടു ദിവസമായി മീൻ പിടിച്ചു വരികയായിരുന്നു ഇവർ. കല്ലാർകുട്ടി അണക്കെട്ടും പിന്നീട് പാംബ്ല അണക്കെട്ടും തുറന്നു വിട്ടതോടെ മറുകര കടക്കാനാകാതെ വന്നു. കുടുങ്ങിയ വിവരം ഇവർ തന്നെയാണ് ഫോൺ വഴി നാട്ടുകാരെ അറിയിച്ചത്. വടവും റോപ്‌വേയുമായി എത്തി കരിമണൽ പൊലീസ് ഒരു യുവാവിനെ രക്ഷിച്ചു. കോതമംഗലത്തു നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മറ്റു രണ്ടു പേരെ രക്ഷിച്ചത്.
കരിമണൽ സിഐ സിബി ടോം, എസ്ഐ താജുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വി. ശിവകുമാർ, നഗരംപാറ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ സന്തോഷ്, വനംവകുപ്പ് ജീവനക്കാരൻ ശ്രീകുമാർ എന്നിവർ ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. ഡാം തുറന്നു വിടുന്നതിനു മുൻപ് അപായ സൈറൺ മുഴക്കിയിരുന്നെങ്കിലും യുവാക്കൾ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.