തളിർത്തില്ല, തിരിയിട്ടില്ല;കുരുമുളക് കർഷകരുടെ പ്രതീക്ഷ തകിടം മറിയുന്നു
ഉപ്പുതറ: തുടർച്ചയായ വേനൽ മഴ ഹൈറേഞ്ചിലെ കുരുമുളകുകർഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ചു. തളിർക്കാതെയും തിരിയിടാതെയും കുരുമുളകുചെടികൾ മരവിച്ചു നിൽക്കുകയാണ്.
കുരുമുളകു ചെടി നന്നായി തളിർത്ത് പരുവപ്പെടേണ്ട സമയമാണിപ്പോൾ. എന്നാൽ, പത്തുശതമാനം കുരുമുളകുചെടികൾ മാത്രമാണ് തളിർത്തത്. ഇതിൽ തിരിയിടണമെങ്കിൽ കുറേദിവസം മഴ പെയ്യാതിരിക്കുകയും ഒരാഴ്ച എങ്കിലും ശക്തമായ വെയിലുണ്ടാകുകയും വേണം. എന്നാൽ, അതിനുള്ള സാധ്യത ഇപ്പോഴില്ല. കാലവർഷം യഥാസമയത്തു തന്നെയെത്തും എന്ന കാലാവസ്ഥാ പ്രവചനമാണ് ഇതിനുകാരണമായി കർഷകർ കാണുന്നത്.
സാധാരണ കുംഭ മാസത്തിലാണ് വേനൽ മഴ ലഭിച്ചിരുന്നത്. പിന്നാലെ താങ്ങുകാലിന്റെ ശിഖരം മുറിച്ച് ചെടി താങ്ങുകാലിൽ കെട്ടിയുറപ്പിക്കും. ഇടവപ്പാതിയോടെ ചെടി തളിർത്ത് തിരിയിടും. മിഥുനമാസത്തിന്റെ ആദ്യപാദങ്ങളിൽ തിരികളിൽ മണിപിടിത്തമുണ്ടാകും. വർഷകാലം തുടങ്ങുന്നതോടെ തിരി നീണ്ട് മണികൾ ബലപ്പെടും. എന്നാൽ ഈ വർഷം മേടം ആദ്യമാണ് വേനൽ മഴ തുടങ്ങിയത്.
എങ്കിലും കുറേദിവസം വെയിൽ തെളിഞ്ഞാൽ ചെടി തളിർത്ത് തിരിയിടും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ, എല്ലാ ദിവസവും മഴ പെയ്യാൻ തുടങ്ങിയതോടെ കർഷകരുടെ പ്രതീക്ഷയെ തകിടം മറിച്ചു. അടുത്തവർഷം കുരുമുളകിന്റെ വിളവെടുപ്പിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ടന്നാണ് കർഷകരുടെ വിലയിരുത്തൽ. നിലവിൽ കൈവശമിരിക്കുന്ന കുരുമുളകിന് വിലയില്ലാത്ത സ്ഥിതിയിൽ വരാനിരിക്കുന്ന ഉത്‌പാദനക്കുറവും കൂടിയായാൽ കർഷകർ കടക്കെണിയിലാകും.
43104 ഹെക്ടറിലാണ് ഇടുക്കിയിൽ കുരുമുളക് കൃഷി. 23981 ടൺ ആണ് ഉത്പാദനം.