എസ്എസ്എൽസി ജയിച്ചു; പ്ലസ് വണ്ണിൽ ഇനി എന്ത് പഠിക്കണം?
എസ്എസ്എൽസി ജയിച്ചു; പ്ലസ് വണ്ണിൽ ഇനി എന്ത് പഠിക്കണം?
പത്താം ക്ലാസ് പരീക്ഷാഫലം വന്നതോടെ കൂട്ടുകാരെല്ലാം ഇനി പ്ലസ് വൺ പ്രവേശനത്തിന്റെ ഒരുക്കത്തിലായിരിക്കും. സ്വപ്നങ്ങൾക്ക് പിന്നാലെ പായാനുള്ള ആദ്യത്തെ ചവിട്ടുപടിയാണ് പ്ലസ് വൺ, പ്ലസ് ടു (ഹയർ സെക്കൻഡറി) പഠനത്തിലൂടെ കാത്തിരിക്കുന്നത്. *ഹയർ സെക്കൻഡറിയിൽ വിഷയങ്ങളെ 3 ഗ്രൂപ്പായി തരംതിരിച്ചിരിക്കുന്നു. സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റിസ്.* അതിനാൽതന്നെ അഭിരുചിയറിഞ്ഞ് ഇഷ്ടത്തോടെ തുടർപഠന പ്രവേശനത്തിനായി വിഷയം തിരഞ്ഞെടുക്കാം.
കൃത്യമായ കരിയർ ധാരണയോടെ തുടർ പഠനത്തിനുള്ള വിഷയം തിരഞ്ഞെടുക്കേണ്ട സമയമാണ് പ്ലസ് വൺ. പലപ്പോഴും അത് കാണാറില്ലെന്നതാണ് സത്യം. കരിയർ സാധ്യതയും ഉപരിപഠന സാധ്യതയും മനസ്സിലാക്കി വിഷയം തിരഞ്ഞെടുക്കുമ്പോൾ സയൻസിനൊപ്പം തന്നെ ഇതര വിഷയങ്ങൾ മുന്നോട്ട് വയ്ക്കുന്ന സാധ്യതകൾക്കും വലുപ്പമേറും. *പുതിയ എജ്യുക്കേഷൻ പോളിസി പ്രകാരം ഇന്റർ ഡിസിപ്ലിനറി വിഷയങ്ങൾക്കും ഇന്റഗ്രേറ്റഡ് വിഷയങ്ങൾക്കും ആയിരിക്കും ഇനി പ്രാധാന്യം കൂടുതൽ.*
*സയൻസ്*
കൂടുതൽ കുട്ടികളും തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പാണ് സയൻസ്. *എൻജിനീയർ, ഡോക്ടർ, പൈലറ്റ്, ശാസ്ത്രജ്ഞർ തുടങ്ങിയ പ്രഫഷനുകൾ സ്വപ്നം കാണുന്ന കൂട്ടുക്കാരുടെ ആദ്യത്തെ ചവിട്ടുപടിയാണ് സയൻസ് ഗ്രൂപ്പ്.*
കണക്കില്ലാതൊരു സയൻസില്ല. *ഗണിതശാസ്ത്രം വളരെ പ്രധാനപ്പെട്ടൊരു വിഷയമാണ് സയൻസ് ഗ്രൂപ്പിൽ.* അതിനാൽ ഗണിതത്തിൽ അഭിരുചിയുള്ളവർക്ക് സയൻസ് വിഷയങ്ങൾ കൂടുതൽ ഇഷ്ടത്തോടെ പഠിക്കാൻ സാധിക്കും.
കൂടാതെ രസതന്ത്രം, ഭൗതിക ശാസ്ത്രം വിഷയങ്ങളിൽ താൽപര്യമുണ്ടായിരിക്കണം. ഈ വിഷയങ്ങളിലും കണക്കിന്റെ പലതരം വകഭേദങ്ങൾ പഠിക്കാനുണ്ട്. സ്വന്തം ഇഷ്ടത്തിൽ നിന്ന് അഭിരുചിയുണ്ടാക്കുന്നതാണ് നല്ലത്; രക്ഷിതാക്കളുമായി ഇതേക്കുറിച്ച് സംസാരിക്കുകയും വ്യക്തമായ ധാരണയുണ്ടാക്കുകയും സംശയങ്ങൾ മാറ്റിയെടുക്കുകയും ചെയ്യണം.
*കോംബിനേഷനുകൾ*
*പ്ലസ് വണ്ണിൽ 6 വിഷയമാണ് പഠിക്കാൻ ഉണ്ടാകുക.* സയൻസ് ഗ്രൂപ്പ് കോംബിനേഷനിൽ ഫിസിക്സ്, കെമിസ്ട്രി എന്നിവ ഉറപ്പായും പഠിച്ചിരിക്കണം.
*9 കോംബിനേഷനാണ് സയൻസ് ഗ്രൂപ്പിലുള്ളത്.*
1. മാത്തമാറ്റിക്സ്–ബയോളജി,
2. ഹോം സയൻസ്–ബയോളജി,
3. മാത്തമാറ്റിക്സ്–ഹോം സയൻസ്,
4. മാത്തമാറ്റിക്സ്–ജിയോളജി,
5. മാത്തമാറ്റിക്സ്–കംപ്യൂട്ടർ സയൻസ്,
6. മാത്തമാറ്റിക്സ്–ഇലക്ട്രോണിക്സ്,
7. കംപ്യൂട്ടർ സയൻസ്–ജിയോളജി,
8. മാത്തമാറ്റിക്സ്–സ്റ്റാറ്റിസ്റ്റിക്സ്,
9. സൈക്കോളജി–ബയോളജി.
*സിബിഎസ്ഇയിൽ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ കൂടാതെ നൂറോളം വിഷയങ്ങൾ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നു.* സ്കൂളുകളിലെ അധ്യാപകരുടെ ലഭ്യതയനുസരിച്ച് കോംബിനേഷൻ വിഷയങ്ങൾ സ്കൂളുകൾ തീരുമാനിക്കും.
*സാധ്യതകൾ*
*എൻജിനീയറിങ്:* ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ ഹയർസെക്കൻഡറിയിൽ പഠിക്കുന്നവർക്ക് എൻജിനീയറിങ് പ്രവേശന പരീക്ഷയെഴുതാം. *നാലാമത്തെ വിഷയമായി കംപ്യൂട്ടർ സയൻസ് പഠിക്കുന്നതായിരിക്കും നല്ലത്.* എൻജിനീയറിങ് മേഖലയിൽ കംപ്യൂട്ടർ സയൻസിന് വളരെ പ്രാധാന്യമാണുള്ളത്.
*മെഡിക്കൽ:* ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നീ വിഷയങ്ങൾ പഠിക്കുന്നവർക്കാണ് മെഡിക്കൽ മേഖലയിലേക്ക് പ്രവേശന യോഗ്യത. *എംബിബിഎസ്, ബിഎസ്‌സി നഴ്സിങ് എന്നിവയിലേക്കുള്ള പ്രവേശനത്തിന് സയൻസ് ഗ്രൂപ്പിലെ ബയോളജി വിഷയത്തിലെ പഠനം അത്യാവശ്യമാണ്.*
*പാരാമെഡിക്കൽ:* ജോലി സാധ്യതയിൽ കോവിഡിന് ശേഷം വിദേശത്തും ഇന്ത്യയിലും കുതിച്ചുകയറിയ മേഖലയാണ് പാരാമെഡിക്കൽ. സയൻസ് വിഷയങ്ങളിലെ പഠനമാണ് പാരാമെഡിക്കൽ മേഖലയിലെ ഉപരിപഠനത്തിന് പരിഗണിക്കുന്നത്. *ഡി.ഫാം., ഫാം ഡി., ഹെൽത്ത് ഇൻസ്പെക്ടർ, റേഡിയോളജിക്കൽ ടെക്നോളജി, ഒഫ്താൽമിക് അസിസ്റ്റൻസ്, ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി, ന്യൂറോ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, എൻഡോസ്കോപിക് ടെക്നോളജി തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിന് സയൻസ് ഗ്രൂപ്പ് സഹായിക്കും.*
*ലൈഫ് സയൻസ്:* ബാചിലർ ഓഫ് സയൻസിൽ വളർന്നു കൊണ്ടിരിക്കുന്ന മേഖലയാണ് ലൈഫ് സയൻസ്. *ബയോടെക്നോളജി, മൈക്രോബയോളജി തുടങ്ങിയ വിഷയങ്ങളിലെ സാധ്യതകളേറെയാണ്.*
*സയൻസ് ഗ്രൂപ്പ് പഠിക്കുന്നവർക്ക് ഉപരിപഠനത്തിനായി ആർട്സ്, കൊമേഴ്സ് വിഷയങ്ങളിലേക്ക് മാറി പഠിക്കാമെന്നതാണ് സവിശേഷത.* കഴിഞ്ഞ വർഷത്തെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് പരിശോധിക്കുമ്പോൾ ബയോളജി സയൻസിലേക്കു വലിയ പ്രവേശനത്തിരക്കാണ് ഉണ്ടായിരുന്നത്. അതിനാൽ കൃത്യമായ കരിയർ പ്ലാനിങ്ങോടെ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മറ്റ് കുട്ടികളുടെ അവസരം നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും.
*വിഎച്ച്എസ്ഇ*
വൊക്കേഷനൽ ഹയർ സെക്കൻഡറി എജ്യുക്കേഷനിലും പ്ലസ് വണ്ണിലേക്ക് പ്രവേശനം നേടാം. ഇതിൽ ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലെ വിഷയങ്ങളിൽ പ്രവേശനം നേടുന്നവർക്ക് തത്തുല്യമായി സയൻസ് അടിസ്ഥാന യോഗ്യയായി വരുന്ന ഉപരിപഠനത്തിലേക്ക് പ്രവേശനം നേടാം.*