എഴുകുംവയൽ കുരിശുമല കയറ്റം ഒരുക്കങ്ങൾ പൂർത്തിയായി

ഹൈറേഞ്ചിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ ദുഃഖ വെള്ളിയുടെ ഭാഗമായ കുരിശുമല കയറ്റത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ഭക്തിയോടെയും പ്രാർഥനാപൂർവവും കുരിശുമല കയറി ദൈവാനുഗ്രഹം നേടാൻ ജാതി മത ഭേദമന്യേ എല്ലാവരെയും ക്ഷണിക്കുന്നതായും എഴുകുംവയൽ നിത്യ സഹായ മാതാ പള്ളി വികാരി ഫാദർ ജോർജ് പാട്ടത്തേകുഴി അസി. വികാരി ഫാദർ ജോസഫ് മരുതുംകുഴിയിൽ ,ജനറൽ കൺവീനർ ജോണി പുതിയാപറമ്പിൽ എന്നിവർ അറിയിച്ചു.
ദുഃഖ വെള്ളിയുടെ ഭാഗമായി ഏതാണ്ട് രണ്ടര ലക്ഷത്തിലധികം വിശ്വാസികൾ മല ചവിട്ടാൻ എത്തുമെന്നാണ് പ്രതീക്ഷ. കുരിശുമല കയറുന്ന മുഴുവൻ വിശ്വാസികൾക്കും മലയിലെ വിശുദ്ധ രൂപങ്ങൾ സന്ദർശിച്ച് പ്രാർത്ഥിക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .
ദുഃഖ വെള്ളിയാഴ്ച കട്ടപ്പനയിൽ നിന്നും രാവിലെ 6 മണി മുതലും നെടുങ്കണ്ടത്ത് നിന്നും രാവിലെ 7 മണിമുതലും KSRTC യും ,സ്വകാര്യ ബസ്സുകളും കുരിശുമലയിലേക്ക് സ്പെഷ്യൽ സർവീസ് നടത്തുന്നതാണ് .
എത്തുന്ന മുഴുവൻ തീർത്ഥാടകർക്കും ആവശ്യമായ കുടിവെള്ളം,നേർചകഞ്ഞി ,പ്രാഥമിക ചികത്സ സൗകര്യങ്ങൾ ,ആംബുലൻസ് സേവനം,വാഹന പാർക്കിങ് സൗകര്യം,ഇവയെല്ലാം ഒരുക്കുന്ന തിരക്കിലാണ് എഴുകുംവയൽ ഗ്രാമം .വിവിധ കൺവീനർമാരുടെ നേതൃത്വത്തിൽ 1001 അംഗ കമ്മിറ്റിയും കുരിശുമല കയറ്റത്തിൻ്റെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചുവരുന്നു.തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് പെസഹാവ്യാഴാഴ്ച വൈകുന്നേരം മുതൽ കുരിശുമലയിലേക്ക് തീർഥാടകർക്ക് മല ചവിട്ടുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട് .
അഭിവന്ദ്യ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നെൽ മുഖ്യ കാർമ്മികത്വം വഹിക്കുന്ന പീഡാനുഭവ യാത്ര വെള്ളിയാഴ്ച രാവിലെ 7.30 ന് മലയടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നും ആരംഭിക്കും.തുടർന്ന് കുരിശുമലയിലെ തീർത്ഥാടക ദൈവാലയത്തിൽ ദുഃഖ വെള്ളിയുടെ തിരുക്കർമ്മങ്ങൾ ആരംഭിക്കും.തിരുക്കർമ്മങ്ങളെ തുടർന്ന് പിതാവിൻ്റെ പീഡാനുഭവ സന്ദേശവും നൽകും ,ഈ വലിയ നോമ്പ്കാലത്ത് ഏതാണ്ട് 3 ലക്ഷത്തിലധികം വിശ്വാസികൾ മല കയറി .
കിഴക്കിൻ്റെ മലയാറ്റൂർ എന്നറിയപ്പെടുന്ന എഴുകുംവയൽ കുരിശുമലയിലെ പീഡാനുഭവ യാത്രയിൽ പങ്കെടുക്കാൻ തമിഴ്നാട്ടിൽ നിന്ന് വരെ വിശ്വാസികൾ എത്തി കൊണ്ടിരിക്കുകയാണ് . ലക്ഷകണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന പീഡാനുഭവ യാത്രയിൽ പങ്ക്ചേരാൻ എല്ലാവരെയും ക്ഷണിക്കുന്നു.
വിവരങ്ങൾക്ക് 9447521827