പാർട്ടി പറഞ്ഞതു കേട്ട് 5 തവണ മാറി നിന്നു, ഒടുവിൽ വൈകി വന്ന അവസരം വിജയമാക്കി സോമൻ
പീരുമേട് ∙ പാർട്ടി പറഞ്ഞതു കേട്ട് അഞ്ചു തവണ മാറി നിന്നു. ഒടുവിൽ വൈകി നൽകിയ അവസരം ഏറ്റെടുത്ത വാഴൂർ സോമൻ നേടിയത് അഭിമാനകരമായ വിജയം. 1974ൽ വാഴൂരിൽ നിന്നു പീരുമേട്ടിലെത്തി പാർട്ടിക്കു വേണ്ടി ജീവിതം സമർപ്പിച്ചതാണു വാഴൂർ സോമൻ. എല്ലാ തവണയും മത്സരിക്കാനുള്ള അവസരം അവസാനനിമിഷം നഷ്ടപ്പെടുകയായിരുന്നു.
1991 മുതൽ 2016 വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സിപിഐയുടെ മണ്ഡലം, ജില്ലാ കമ്മിറ്റികൾ ശുപാർശ ചെയ്യുന്ന സ്ഥാനാർഥിപ്പട്ടികയിൽ സോമൻ ഇടം നേടിയിരുന്നു. 1996ലും 2001ലും രാഷ്ട്രീയഗുരു കൂടിയായ സി.എ.കുര്യനു വേണ്ടി മാറിക്കൊടുക്കേണ്ടിവന്നു. 2006ൽ വനിതാപ്രാതിനിധ്യം ഉറപ്പിക്കാൻ ബിജിമോൾക്ക് അവസരം നൽകി.
2011ലും 2016ലും വനിതാ സംവരണത്തിനു വേണ്ടി ഇത് ആവർത്തിച്ചു. സിപിഐ മാനദണ്ഡം അനുസരിച്ചു രണ്ടു തവണ മത്സരിച്ചവരെ ഒഴിവാക്കാൻ തീരുമാനിച്ചതോടെ ഇത്തവണ അവസരം വാഴൂർ സോമനിൽ എത്തുകയായിരുന്നു. പൊതുപ്രവർത്തന രംഗത്തെ നാലരപ്പതിറ്റാണ്ടിന്റെ പ്രവർത്തനപാരമ്പര്യം, തൊഴിലാളികൾക്കിടയിലെ സ്വീകാര്യത എന്നിവയാണു സോമനെ വിജയത്തിലെത്തിച്ചത്.
ഫോട്ടോ ഫിനിഷ്
∙ ഏലപ്പാറ പഞ്ചായത്തിലെ പുള്ളിക്കാനം ബൂത്തിൽ നിന്നു വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ 10 റൗണ്ട് പൂർത്തിയാകുന്നതു വരെ യുഡിഎഫ് സ്ഥാനാർഥി സിറിയക് ലീഡ് നിലനിർത്തി. ഏലപ്പാറ, ഉപ്പുതറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകൾ എണ്ണി പൂർത്തിയായപ്പോൾ സിറിയക്കിന്റെ ലീഡ് 2019ൽ എത്തി. എന്നാൽ ചക്കുപള്ളത്ത് എൽഡിഎഫ് ലീഡ് നേടി. പക്ഷേ 7, 8 റൗണ്ടുകളിൽ കുമളി,
പഞ്ചായത്തുകളിൽ മികച്ച ഭൂരിപക്ഷം യുഡിഎഫ് നേടി. ഇതോടെ യുഡിഎഫ് ലീഡ് 3000 കടന്നു. എന്നാൽ കൊക്കയാർ എത്തിയപ്പോൾ എൽഡിഎഫിനായി ലീഡ്. പെരുവന്താനം പഞ്ചായത്തിൽ യുഡിഎഫ് മേധാവിത്വം നേടി. പതിനൊന്നാം റൗണ്ടിൽ പീരുമേട് പഞ്ചായത്ത് എണ്ണിത്തുടങ്ങുമ്പോൾ സിറിയക്കിന്റെ ഭൂരിപക്ഷം 3000 കഴിഞ്ഞിരുന്നു.
എന്നാൽ പീരുമേട്ടിൽ എൽഡിഎഫ് നേടിയ മികച്ച ഭൂരിപക്ഷം സിറിയക്കിന്റെ ലീഡ് രണ്ടായിരത്തിലേക്കു താഴ്ത്തി. വണ്ടിപ്പെരിയാറിലെ അവസാന രണ്ടു റൗണ്ടുകൾ തുടങ്ങിയതോടെ എൽഡിഎഫ് ഭൂരിപക്ഷം ക്രമാതീതമായി കൂടി യുഡിഎഫ് ലീഡ് മറികടന്നു വാഴൂർ സോമനെ 1835 വോട്ടുകൾക്കു വിജയിപ്പിച്ചു. കഴിഞ്ഞ തവണയും വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വോട്ടുകളുടെ ബലത്തിലാണു ബിജിമോൾ 319 വോട്ടുകൾക്കു കടന്നുകൂടിയത്.
വിജയം ഗുരുദക്ഷിണ
∙ വാഴൂർ സോമനു തന്നെയാണ് ഇത്തവണ സീറ്റ് നൽകേണ്ടത് എന്ന ശക്തമായ നിലപാടു സ്വീകരിച്ചതു പാർട്ടിയുടെ മുതിർന്ന നേതാവു കൂടിയായ സി.എ.കുര്യനായിരുന്നു. തിരഞ്ഞെടുപ്പിനു മുൻപായിരുന്നു കുര്യന്റെ വിയോഗം. കുര്യച്ചന്റെ അഭാവം തനിക്കു പ്രതിസന്ധിയുണ്ടാക്കിയെന്നു സോമൻ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പു വിജയം സി.എ.കുര്യനുള്ള ഗുരുദക്ഷിണയാണെന്നു വാഴൂർ സോമൻ പറയുന്നു.