അനർഹനെന്ന് കണ്ടെത്തി അപേക്ഷ നിരസിച്ചയാൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്നും ലഭിച്ചത് 4 ലക്ഷം രൂപ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അപേക്ഷ നിരസിക്കപ്പെട്ട ആളുകള്‍ക്ക് പോലും പണം നല്‍കിയതായി വിജിലന്‍സ്.കൊല്ലം ശാസ്താംകോട്ട സ്വദേശിയുടെ അക്കൗണ്ടിലേക്ക് നാല് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് എത്തിയത്. ഏജന്റ് മുഖേനയാണ് ഇയാള്‍ക്ക് പണം ലഭിച്ചതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
ഏജന്റുമാരുടെ ഇടപെടലിലാണ് ഇത്തരത്തില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും ഫണ്ട് തട്ടിയിട്ടുള്ളത്. ഒരേ ഡോക്ടര്‍ തന്നെ നിരവധി സര്‍ട്ടിഫിക്കറ്റുകളാണ് പലര്‍ക്കുമായി നല്‍കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ ഓപ്പറേഷന് ഡിഎംഡിആര്ഫ് ഇന്നും തുടരും. ചികിത്സാ സഹായത്തിനായി സര്‍ട്ടിഫിക്കറ്റ് നല്കിയ ഡോക്ടര്‍മാരെ ചോദ്യം ചെയ്യാനാണ് തീരുമാനം.
അതേസമയം വീടിന്റെ അറ്റകുറ്റപ്പണിക്കായി കൊല്ലം ശാസാതാംകോട്ട കാരാളിമുക്ക് സ്വദേശിക്ക് നാലു ലക്ഷം രൂപ നല്‍കിയത്. അപേക്ഷയില്‍ സംശയം തോന്നിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ വീടിന്റെ കേടുപാടുകളൊന്നും പരിഹരിച്ചിട്ടില്ലെന്ന് കണ്ടെത്തയിട്ടുണ്ട്. ഇയാള്‍ 2020ല്‍ വില്ലേജ് ഓഫീസില്‍ പോയി ദുരിതാശ്വാസ നിധിയില്‍ നിന്നും പണത്തിനായി അപേക്ഷ നല്‍കിയെങ്കിലും അര്‍ഹനല്ലെന്ന് അറിയിച്ച് തിരിച്ചയച്ചെന്നാണ് വീട്ടുടമ അറിയിച്ചത്. എന്നാല്‍ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നാല് ലക്ഷം രൂപ എത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് സ്ഥിരീകരിച്ചു.
തിരിച്ചയച്ച അപേക്ഷകന് എങ്ങനെ ദുരിതാശ്വാസം കിട്ടിയെന്നതിലാണ് ദുരൂഹത. വീട്ടുടമയുടെ മൊഴിയിലെ വിശ്വാസ്യത മുതല്‍ വ്യാജ രേഖ ഉണ്ടാക്കി പണം തട്ടാനുള്ള സാധ്യത വരെ എല്ലാം അന്വേഷിക്കാനാണ് വിജിലന്‍സ് തീരുമാനം. വലിയ തുകയായതിനാല്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റേതാകും. അതേസമയം അതിനിടെ ദുരിതാശ്വാസ തട്ടിപ്പിന്റെ ഇടനിലക്കാരെന്ന് സംശയിക്കുന്ന പലരും വിജിലന്‍സ് പിടിമുറുക്കിയതോടെ ഒളിവിലാണ്.