കൂട്ടുകാരന് വീടും സ്ഥലവും ഒരുക്കി പൂർവ വിദ്യാർത്ഥി വാട്സാപ് കൂട്ടായ്മ
ചെമ്മണ്ണാർ∙ ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് സ്‌കൂളിലെ 1996 എസ്എസ്എൽസി ബാച്ചിലെ 65 അംഗങ്ങൾ ചേർന്ന് രൂപീകരിച്ച വാട്സാപ് കൂട്ടായ്മയാണ് സ്വന്തമായി വീടില്ലാതെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന വെണ്ണക്കൽ ഷിജു സെബാസ്റ്റ്യനും കുടുംബത്തിനും തുണയായി. കൂട്ടായ്മ നിർമിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനവും, വീടിനോട് ചേർന്നുതന്നെ നിർമിച്ചിരിക്കുന്ന ‘96-ത് ചങ്ക്‌സ്’ എന്ന് പേരിട്ടിരിക്കുന്ന പലചരക്ക് കടയുടെ ഉദ്ഘാടനവും ഉടുമ്പൻചോല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സജികുമാർ നിർവഹിച്ചു.
എസ്എസ്എൽസി ബാച്ചിലെ സഹപാഠികൾ ചേർന്ന് 2017-ലാണ് വാട്സാപ് കൂട്ടായ്മ രൂപവൽക്കരിക്കുന്നത്. സഹപാഠികൾ തമ്മിലുള്ള സൗഹൃദം പുതുക്കുന്നതിനായാണ് കൂട്ടായ്മ തുടങ്ങിയത്. ഈ കൂട്ടായ്മയിൽ ഷിജുവും അംഗമായിരുന്നു. ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിലുള്ള സൗഹൃദ സംഭാഷണത്തിനിടെയാണ് ഷിജുവിന്റെ ജീവിത സാഹചര്യവും ബുദ്ധിമുട്ടുകളും കൂട്ടായ്മയിലെ മറ്റ് അംഗങ്ങൾ മനസ്സിലാക്കുന്നത്. ഇതോടെ കഴിഞ്ഞ വർഷം ആദ്യം മുതൽ ഷിജുവിന് വീടൊരുക്കാനുള്ള ശ്രമങ്ങൾ കൂട്ടായ്മ ആരംഭിച്ചു.
ചെറുപ്പത്തിലെ പോളിയോ ബാധിച്ചതിനെത്തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഷിജുവിനും കുടുംബത്തിനും വീടെന്നത് ഒരു സ്വപ്‌നമായിരുന്നു. ഷിജുവിന്റെ ഭാര്യ മല്ലികയും അംഗപരിമിതയാണ്. വീടിനോട് ചേർന്ന് ഷിജുവിനു കച്ചവടം നടത്താനായി ഒരു കടമുറിയും പണിത് നൽകാൻ കൂട്ടായ്മ തീരുമാനിച്ചു. നിർമാണച്ചെലവിലേക്കായി 5.5 ലക്ഷം രൂപയും കൂട്ടായ്മ സമാഹരിച്ചു.
എന്നാൽ കോവിഡ് മൂലം കഴിഞ്ഞ വർഷം വീടിന്റെ നിർമാണം നടത്താനായില്ല. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ബുദ്ധിമുട്ടുകൾ മൂലം ഷിജുവും ഭാര്യയ്ക്കും പടികളിറങ്ങാൻ പ്രയാസമാണ്. അതിനാൽ കോൺക്രീറ്റ് തൂണുകൾ വാർത്ത് അതിനു മുകളിൽ റോഡ് നിരപ്പിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. സഹപാഠിക്ക് വീടും വരുമാനമാർഗവും ഒരുക്കി നൽകുന്നതിന് വാട്സാപ് കൂട്ടായ്മ അഡ്മിൻമാരായ പ്രിൻസ് ജോൺ, സാന്റോ ജോസഫ്, ടി.പി.വിനോദ് എന്നിവർ നേതൃത്വം നൽകി.