കോവിഡ് വ്യാപനം- നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തി കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗം

കട്ടപ്പനയിലും പരിസര പഞ്ചായത്തുകളിലും കോവിഡ് ബാധിതരുടെ എണ്ണത്തി ല്‍ വര്‍ദ്ധനവുണ്ടായതോടു കൂടി ബോധവത്കരണ പ്രവര്‍ത്തനങ്ങളും, നടപടികളും ശക്തമാക്കി നഗരസഭ ആരോഗ്യ വിഭാഗം. ടൗണിലും പരിസര പ്രദേശങ്ങളിലും ബോധവത്കരണത്തിന്റെ ഭാഗമായി മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി. വ്യാപാരസ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി. നഗരത്തിലെ ട്യൂഷന്‍ സെന്ററുകള്‍, ഐ.ഇ.എല്‍.റ്റി.എസ് കോച്ചിംഗ് സെന്ററുകള്‍, കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ സെന്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ സംഘടിപ്പിക്കാവു എന്നും കര്‍ശന നിര്‍ദ്ദേശം നല്‍കി. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറ്റ്‌ലി പി.ജോണ്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജുവാന്‍ ഡി മേരി, വിനേഷ് ജേക്കബ്ബ് എന്നിവര്‍ നേതൃത്വം നല്‍കി.