ഇടുക്കിനാട്ടുവാര്‍ത്തകള്‍
കട്ടപ്പന കോവിഡ് സെന്ററില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ക്രമീകരിച്ചു
കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ കട്ടപ്പന ഫോര്‍ത്തുനാത്തൂസ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ സെന്ററില്‍ പ്രവര്‍ത്തിച്ചു വരുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി ഉയര്‍ത്തി. ഇന്നലെ 20 കട്ടിലുകള്‍ കൂടി കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ നിന്ന് കോവിഡ് സെന്ററിലെത്തിച്ചു. നഗരസഭ പ്രദേശത്തും പരിസര പഞ്ചായത്തുകളിലും കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്നാണ് അടിയന്തിര നടപടികള്‍ സ്വീകരിച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കട്ടപ്പനയില്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നാളിതുവരെ 1657 പേര്‍ക്ക് ഈ സെന്ററില്‍ നിന്നും ചികിത്സ ലഭ്യമാക്കി.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ലക്ഷണമുള്ളവരെയാണ് സെന്ററില്‍ പ്രവേശിപ്പിക്കുന്നത്.
വെന്റിലേറ്റര്‍, ഐ.സി.യു ഒഴികെയുള്ള എല്ലാ സംവിധാനങ്ങളും, സെന്ററില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇ.സി.ജി, രക്തപരിശോധനാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്്.
നിലവില്‍ 72 രോഗികളെ ചികിത്സിക്കുവാനുള്ള സൗകര്യമാണ് കോവിഡ് സെന്ററിലുള്ളത്. രണ്ട് ഡോക്ടര്‍മാര്‍, 9 നേഴ്‌സുമാര്‍, 3 ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ മുഴുവന്‍ സമയ സേവനം കോവിഡ് സെന്ററില്‍ സജ്ജമാണ്.
നഗരസഭാധ്യക്ഷ ബീന ജോബി(ചെയര്‍പേഴ്‌സണ്‍), ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറ്റ്‌ലി പി.ജോണ്‍( നോഡല്‍ ഓഫീസര്‍), ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ കുര്യാക്കോസ്, വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജെയ്ബി, ഡോ.നിധിന്‍ എം.എസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജുവാന്‍ ഡി മേരി, വിനേഷ് ജേക്കബ്ബ്, സ്റ്റാഫ് നഴ്‌സ് ജോസി ഫ്രാന്‍സീസ്, എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മറ്റിയാണ് കോവിഡ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.