ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന് തുടക്കം; സ്വിയാടെക്കിനും നദാലിനും തകർപ്പൻ ജയം
മെല്‍ബണ്‍: മെൽബൺ പാർക്കിൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിന് ആരംഭം. പുരുഷ ലോക രണ്ടാം നമ്പർ താരം റാഫേൽ നദാലും വനിതാ ലോക ഒന്നാം നമ്പർ താരം പോളണ്ടിന്റെ ഇഗ സ്വിയാടെക്കും വിജയത്തോടെ ദിനം ആരംഭിച്ചു. ബ്രിട്ടന്റെ ജാക്ക് ഡ്രാപ്പറിനെ തോൽപ്പിച്ചാണ് (7-5, 2-6, 6-4, 6-1) നദാൽ മുന്നേറിയത്. ജർമ്മനിയുടെ ജൂലി നീമെയ്റിനെ 6-4, 7-5 എന്ന സ്കോറിനാണ് സ്വിയാടെക് പരാജയപ്പെടുത്തിയത്.
പുരുഷ വിഭാഗത്തിൽ മൂന്നാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്, കാനഡയുടെ ആറാം സീഡ് ഫെലിക്സ് ഓഗർ-അലിയാസിമെ, ഏഴാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വെദെവ്, പത്താം സീഡ് ഹ്യൂബർട്ട് ഹർക്കാസ് എന്നിവരും അടുത്ത റൗണ്ടിലേക്ക് മുന്നേറി.
വനിതാ വിഭാഗത്തിൽ അമേരിക്കയുടെ ജെസീക്ക പെഗുല 6-0, 6-1 എന്ന സ്കോറിന് റൊമാനിയയുടെ ജാക്വിലിൻ ക്രിസ്റ്റ്യനെ തോൽപ്പിച്ചു. ഗ്രീസിന്റെ ആറാം സീഡായ മരിയ സക്കാറി ചൈനയുടെ യുവാൻ യൂവിനെ 6-1, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി. അമേരിക്കയുടെ ഏഴാം സീഡ് കൊകൊ ഗോഫ്, പതിമൂന്നാം സീഡ് ഡാനിയേല കോളിൻസ്, പത്താം സീഡ് മാഡിസൻ കീ എന്നിവരും അടുത്ത റൗണ്ടിലേക്ക് മുന്നേറി. പരിക്കിൽ നിന്ന് മുക്തയായ ബ്രിട്ടന്റെ എമ്മ റാഡുക്കാനുവും ആദ്യ മത്സരത്തിൽ വിജയിച്ചു.