പീഡനക്കേസ് പ്രതികളെ വെടിവെച്ചു വീഴ്ത്തി തമിഴ്നാട് പൊലീസ്
ചെന്നൈ:
പീഡനക്കേസ് പ്രതികളെ വെടിവെച്ചു വീഴ്ത്തി തമിഴ്നാട് പൊലീസ്.ഇരുപതോളം കേസുകളില്‍ പ്രതികളായ പി നാഗരാജ് (31), എസ്. പ്രകാശ് (31) എന്നിവര്‍ക്കുനേരെയാണ് പൊലീസ് വെടിയുതിര്‍ത്തത്. ശ്രീപെരുമ്പത്തൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.ഓടിപ്പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ വെടിവെച്ചു വീഴ്ത്തിയത്. പീഡനം, കവര്‍ച്ച, മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഇവര്‍. ഒരാളുടെ വലതു കാല്‍മുട്ടിന് വെടിയേറ്റു. മറ്റേയാള്‍ക്ക് കണങ്കാലിന് പരിക്കേറ്റു.ഡിസംബര്‍ 11 ന് ഗുമ്മിഡിപൂണ്ടിയില്‍ 20 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളാണ് ഇരുവരും. ശ്രീപെരുമ്പത്തൂര്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ഇരുവരും ചെമ്പരമ്പാക്കത്ത് ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് പിടികൂടിയെങ്കിലും ആയുധങ്ങളുമായി പൊലീസിനെ ആക്രമിച്ച് ഓടിപ്പോകാന്‍ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ പ്രതികളെ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളില്‍ നിന്ന് പിസ്റ്റളും വെടിയുണ്ടകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.