ടെക്നിക്കൽ ഹൈസ്‌ക്കൂൾ പ്രവേശനം: അപേക്ഷ തിയതി 30 വരെ നീട്ടി
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 39 ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിലേക്ക് 2021-22 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസാന തിയതി ഏപ്രിൽ 30 വരെ നീട്ടി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ നേരിട്ട് അപേക്ഷ വിതരണം ചെയ്യില്ല. www.polyadmission.org/ths ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക. ഓരോ ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിലേയും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളേക്കാൾ അധികം അപേക്ഷകരുള്ള സ്ഥാപനങ്ങളിൽ മാത്രമേ പ്രവേശന പരീക്ഷ ഉണ്ടാകു. ഏഴാം ക്ലാസ്സ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിൽ നിന്നാണ് പ്രവേശന പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ. പ്രവേശന പരീക്ഷ മെയ് നാലിന് രാവിലെ 10 മുതൽ 11.30 വരെ അതത് ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിൽ നടത്തും. ടെക്നിക്കൽ ഹൈസ്‌ക്കൂളിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലെ പ്രവേശനത്തിന് 10 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങൾക്ക്: www.polyadmission.org/ths.