തൊടുപുഴയിൽ യുവതിക്ക് വെട്ടേറ്റു; അയൽക്കാരി അറസ്റ്റിൽ .
ഇടുക്കി തൊടുപുഴ കുന്നം കോളനിയിൽ യുവതിക്ക് വെട്ടേറ്റു. മുപ്പതുകാരി അൻസിയയാണ് ആക്രമണത്തിന് ഇരയായത്. അൻസിയയുടെ അയൽക്കാരിയും സുഹൃത്തുമായ ജിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുന്നം ലക്ഷംവീട് കോളനി സ്വദേശി നിസാറിന്റെ ഭാര്യ അൻസിയയ്ക്കാണ് വെട്ടേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അൻസിയയെ ആശുപത്രിയിൽ എത്തിച്ചത്. മുഖത്തും കൈക്കും മാരകമായി പരുക്കേറ്റിട്ടുണ്ട്. അയൽകാരിയായ ജിനു എന്ന യുവതിയാണ് തന്നെ വെട്ടിയത് എന്ന് അൻസിയ പൊലീസിന് മൊഴിനൽകി.
അൻസിയയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജിനുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ താൻ എത്തുമ്പോൾ അൻസിയ വീടിനുള്ളിൽ വെട്ടേറ്റു കിടക്കുയായിരുന്നുവെന്നും ആശുപത്രിയിൽ എത്തിക്കാനാണ് ശ്രമിച്ചതെന്നും ജിനു പൊലീസിനോട് പറഞ്ഞു. കസ്റ്റഡിയിൽ ഉള്ള ജിനുവിനെ ഇതുവരെ പ്രതിച്ചേർത്തിട്ടില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് എന്ന നിഗമനത്തിലാണ് പൊലീസ്. കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികിൽസയിലുള്ള അൻസിയ അപകടനില തരണം ചെയ്തു.