കെഎസ്ആര്‍ടിസിയുടെ ഗവി ടൂര്‍ പാക്കേജ്; ആദ്യ സർവീസ് ഡിസംബർ മുതൽ
പത്തനംതിട്ട: ഏറെ നാളത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ കെ.എസ്.ആർ.ടി.സിയുടെ ഗവി ടൂർ പാക്കേജിന് വനംവകുപ്പ് പച്ചക്കൊടി കാട്ടി. തിരുവനന്തപുരത്തെ ചീഫ് ഓഫീസിൽ നിന്നാണ് അനുമതി നൽകിയത്. ടിക്കറ്റ് നിരക്ക്, താമസം, ഭക്ഷണം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്ത ശേഷം ഡിസംബർ ആദ്യം മുതൽ സർവീസ് ആരംഭിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം.
തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍മേഖല, എറണാകുളം ഉള്‍പ്പെടെയുള്ള മധ്യമേഖല, കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍മേഖല എന്നിങ്ങനെയുള്ള കെഎസ്ആർടിസിയുടെ 3 സോണുകളില്‍ നിന്നും ഇവിടേക്ക് ടൂര്‍ പാക്കേജ് ഉണ്ടാകും. ഒരു ദിവസം മൂന്ന് സർവീസുകളുണ്ടാകും. ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.
വിദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന സർവീസുകൾക്കായി വാഗമൺ, പരുന്തുംപാറ പ്രദേശങ്ങളെ ഗവിക്കൊപ്പം ഉൾപ്പെടുത്താനും ചർച്ചകൾ നടക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽ താമസസൗകര്യങ്ങൾക്കായുള്ള പരിശോധനകൾ നടന്നുവരികയാണ്. അപേക്ഷ സമർപ്പിച്ച് ഒൻപത് മാസത്തിന് ശേഷമാണ് പാക്കേജിന് വനംവകുപ്പ് അംഗീകാരം നൽകിയത്.
















































































































