അവസാന ദിനത്തിൽ ശക്തി വിളിച്ചോതി ഫ്രാൻസിസ് ജോർജ്..
കട്ടപ്പന: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശകരമായ പോരാട്ടം പരസ്യ പ്രചരണത്തിന്റെ അവസാന ദിനത്തിലേക്ക് കടക്കുമ്പോൾ ഇടുക്കി മണ്ഡലത്തിലെ മത്സരം കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു. മുന്നണി സമവാക്യങ്ങൾ മാറിമറിഞ്ഞതിന് ശേഷം നടക്കുന്ന ഈ തെരഞ്ഞെടുപ്പിൽ അത്തരം മാറ്റങ്ങൾ ഏറ്റവുമധികം സ്വാധീനിക്കുക ഇടുക്കിയിലാകുമെന്നാണ് റിപ്പോർട്ട്. കൊട്ടിക്കലാശത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയതോടെ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങിയുള്ള വ്യക്തി കേന്ദ്രീകൃത പ്രചാരണത്തിനാണ് മുന്നണികൾ മുൻതൂക്കം നൽകുന്നത്. ഇതിനൊപ്പം പ്രചാരണത്തിന്റെ അവസാന ദിനങ്ങളിൽ അണികൾക്ക് ആവേശം പകർന്ന് റോഡ്ഷോ ഉൾപ്പെടെയുള്ള പരിപാടികളും. ഇന്നലെ കട്ടപ്പനയിൽ ഫ്രാൻസിസ് ജോർജിന് വേണ്ടി യുഡിഎഫ് നടത്തിയ റോഡ്ഷോ ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഇടുക്കി എങ്ങോട്ട് എന്നതിന്റെ ഒരു ദിശാസൂചിക കൂടിയായി ആ റോഡ്ഷോ.
ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ ഇടുക്കി മണ്ഡലത്തിലെ പ്രചാരണ രംഗത്ത് യുഡിഎഫ് അതിവേഗം മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. പാർട്ടി സംവിധാനങ്ങൾക്കൊപ്പം മുന്നണിയൊന്നാകെ മികച്ച കെട്ടുറപ്പോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രചാരണ താളം കണ്ടെത്തി. എതിർ സ്ഥാനാർത്ഥികളെ പിന്തള്ളി പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തിയ യു ഡിഎഫാണ് ഇടുക്കിയിലെ നിലവിലെ കാഴ്ച. ഇടുക്കിയെ യുഡിഎഫ് വരുതിയിലാക്കി എന്നാണ് ഈ സാഹചര്യത്തിൽ വിലയിരുത്താനാകുന്നത്. പരമ്പരാഗത യുഡിഎഫ് മണ്ഡലമായ ഇടുക്കി ഒരു കാരണവശാലും വിട്ടുകൊടുക്കില്ല എന്ന വാശിയിലാണ് മുന്നണിയും പ്രവർത്തകരും. ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പര്യടനങ്ങളിലും യോഗങ്ങളിലുമുള്ള പ്രവർത്തകരുടെ പങ്കാളിത്തവും പ്രവർത്തനവും അത്രയധികം ശക്തമാണ്.
തിരഞ്ഞെടുപ്പ് കാലത്ത് യുഡി എഫ് ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങളിലൊന്നും വ്യക്തമായ ഉത്തരം നല്കാനാകാതെ എതിർപക്ഷം കുഴങ്ങുന്നതും ഈ സമയത്തെ കൗതുകക്കാഴ്ചയായി. തിരഞ്ഞെടുപ്പ് അടുക്കാറായ സമയത്ത് മലയോര ജനതയുടെ പ്രശ്നങ്ങളുയർത്തി ജില്ലയിൽ യുഡിഎഫ് നടത്തിയ ഹർത്താൽ ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാകുകയും ചെയ്തു. എല്ലാത്തിനുമുപരി ഇടുക്കിക്കാർക്കൊന്നാകെ സുപരിചിതനായ ഫ്രാൻസിസ് ജോർജ് എന്ന വ്യക്തിയും നിലവിലെ സാമുദായിക- രാഷ്ട്രീയ സാഹചര്യങ്ങളും ഒത്തുചേരുമ്പോൾ രൂപപ്പെടുന്ന ഫോർമുല എങ്ങനെ മറികടക്കും എന്ന വൻ പ്രതിസന്ധിയും ഇടയതുമുന്നണി ഇപ്പോൾ അഭിമുഖീകരിക്കുന്നു. ഇങ്ങനെ പലവിധ കാരണങ്ങളാൽ ഇടുക്കി നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഇതിനകം കുറിക്കപ്പെട്ടു എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.