വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി അഞ്ചുരുളി; സിനിമകളിലൂടെയാണ് ഇവിടം കൂടുതൽ പ്രശസ്തമായത്.
കട്ടപ്പന:അഞ്ചുരുളിയുടെ മനോഹാരിതയിലേക്ക് സഞ്ചാരികളുടെ തിരക്ക് വർദ്ദിക്കുന്നു.കട്ടപ്പന ഏലപ്പാറ റോഡില്‍ കക്കാട്ടുകടയില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ താണ്ടിയാല്‍ അഞ്ചുരുളിയില്‍ എത്താം. തടാകത്തിനു നടുവിൽ ഉരുളികമഴ്ത്തിയ പോലെ അഞ്ച് കുന്നുകളുണ്ട്. വർഷകാലം കടുക്കുമ്പോൾ ഇവയിൽ പല കുന്നുകളും വെള്ളത്തിനടിയിലാകും. ഇടുക്കി ജലസംഭരണിയുടെ ഭാഗമാണ് അഞ്ചുരുളി. മനുഷ്യ നിർമിതമായ തുരങ്കമാണ് അഞ്ചുരുളിയിലെ കൗതുകം. ഇരട്ടയാറിൽ നിന്നും അഞ്ചുരുളിയിലേക്ക് വെള്ളം എത്തിക്കാനായി മലതുരന്നുണ്ടാക്കിയതാണ് ഈ തുരങ്കം. മഴക്കാലത്ത് ഇടുക്കി റിസർവോയർ നിറഞ്ഞു കവിയുന്ന വെള്ളം ഒഴുക്കി വിടാനുണ്ടാക്കിയ ടണൽ കേരളത്തിലെ അദ്ഭുതക്കാഴ്ചയിലൊന്നാണ്.കമിഴ്ത്തി വച്ച ഉരുളിയുടെ ആകൃതിയുള്ള അഞ്ചു മലകൾക്കു നടുവിലാണ് ഇടുക്കി അണക്കെട്ടിന്റെ ഈ ക്യാച്ച് ഡാം. പച്ച പുല്ലുമേടുകളും പച്ചപ്പാര്‍ന്ന മരങ്ങളും സഞ്ചാരികളുടെ മനം മയക്കുന്ന കാഴ്ചകളാണ്.ഇടുക്കി അണക്കെട്ടിന്റെ വിദൂരക്കാഴ്ചയും അഞ്ചുരുളി ടണലിൽ നിന്നുള്ള വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയുമാണ് സഞ്ചാരികളെ ഇവിടേക്ക് മാടിവിളിയ്ക്കുന്നത്.