നാട്ടുകാരെ അമ്പരപ്പിച്ച് ചുവന്ന മഴ
കട്ടപ്പന : കാഞ്ചിയാർ സ്വരാജിൽ ചുവന്ന മഴ പെയ്തു.സയൺ പബ്ലിക് സ്കൂളിന് പരിസരത്താണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.15 ഓടെ പ്രദേശവാസികളെ അമ്പരപ്പിച്ച് 15 മിനിറ്റോളം ചുവന്ന മഴ പെയ്തത്.പട്ടിക ജാതി പട്ടിക വർഗ്ഗ ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളാണ് ചുവന്ന മഴ പെയ്യുന്നതായി ആദ്യം കണ്ടത്. തുടർന്ന് ട്യൂഷൻ എടുക്കാനെത്തിയ അധ്യാപിക മീന സെബാസ്റ്റ്യനോട് കുട്ടികൾ വിവരം പറഞ്ഞു. സംശയം മാറ്റുവാൻ ബക്കറ്റിൽ മഴ വെള്ളം ശേഖരിച്ചപ്പോൾ നിറ വ്യത്യാസം കണ്ടെത്തി.അര കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങളിലും സമാന നിറത്തിൽ മഴ പെയ്തുവെന്നാണ് വിവരം.ബക്കറ്റിൽ ശേഖരിച്ചു വച്ച വെള്ളത്തിന് കടും ചുവപ്പ് നിറമായിരുന്നുവെങ്കിലും പിന്നീട് നിറം മങ്ങി.3 മണിയോടെ വീണ്ടും മഴ പെയ്തെങ്കിലും നിറവ്യത്യസം ഉണ്ടായിരുന്നില്ല. ചുവപ്പ് മഴയ്ക്ക് കാരണം അന്തരീക്ഷ മാലിന്യങ്ങളോ അല്ലെങ്കിൽ പൊടി നിറഞ്ഞ മേഘങ്ങളോ ആയിരിക്കാമെന്നാണ് ശാസ്ത്രഞ്ജൻമാരുടെ പഠന റിപ്പോർട്ടുകളിലുള്ളത്.