അനധികൃത മരംമുറി മൂലം ജില്ലക്കുണ്ടായ പാരിസ്ഥിതിക നഷ്ടം നികത്താന്‍ ആറായിരത്തോളം വൃക്ഷത്തൈകള്‍ നടാന്‍ കര്‍മപദ്ധതി
തൊടുപുഴ: ഏറെ വിവാദമുയര്‍ത്തിയ അനധികൃത മരംമുറി മൂലം ജില്ലക്കുണ്ടായ പാരിസ്ഥിതിക നഷ്ടം നികത്താന്‍ ആറായിരത്തോളം വൃക്ഷത്തൈകള്‍ നടാന്‍ കര്‍മപദ്ധതി.
മുട്ടില്‍ മരം മുറിയെത്തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്.
ജില്ല കലക്ടറുടെ മേല്‍നോട്ടത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി റവന്യൂ, വനം, പരിസ്ഥിതി, ജൈവ വൈവിധ്യബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.സംസ്ഥാനത്തുടനീളമുള്ള 35 ഫോറസ്റ്റ് റേഞ്ചുകളുടെ പരിധിയില്‍നിന്നായി 2696 മരങ്ങള്‍ മുറിച്ചെന്നാണ് കണ്ടെത്തല്‍.
നഷ്ടം നികത്താന്‍ മുറിച്ചുമാറ്റിയവയുടെ പത്തിരട്ടി എന്ന തോതില്‍ സംസ്ഥാനത്താകെ 30,000ഓളം വൃക്ഷത്തൈകള്‍ നടണമെന്നാണ് ട്രൈബ്യൂണല്‍ നിര്‍ദേശം. തേക്ക്, ഈട്ടി ഉള്‍പ്പെടെ തദ്ദേശീയ ഇനം വൃക്ഷത്തൈകള്‍ അതത് പഞ്ചായത്തുകളുടെയോ തൊട്ടടുത്ത പഞ്ചായത്തുകളുടെയോ പരിധിയിലാണ് വെച്ചുപിടിപ്പിക്കേണ്ടത്.
നടുന്ന തൈകളുടെ അടുത്ത രണ്ട് വര്‍ഷത്തെ വളര്‍ച്ച സംബന്ധിച്ച് ത്രൈമാസ വിലയിരുത്തലിനും നിരീക്ഷണത്തിനും റവന്യൂ, വനം, തദ്ദേശ സ്വയംഭരണം, പരിസ്ഥിതി വകുപ്പുകളുടെ ജില്ല ഓഫിസര്‍മാര്‍ക്ക് കീഴില്‍ പ്രത്യേക സമിതി രൂപവത്കരിക്കും.
പദ്ധതിയുടെ ഭാഗമായി വൃക്ഷത്തെകള്‍ വെച്ചുപിടിപ്പിക്കാന്‍ താല്‍പര്യമുള്ള പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ജൈവവൈവിധ്യ മാനേജ്മെന്‍റ് കമ്മിറ്റികളോട് ആവശ്യമായ തൈകളുടെ എണ്ണം രണ്ടാഴ്ചക്കകം അറിയിക്കാന്‍ ജൈവവൈവിധ്യ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. തൈകള്‍ ലഭ്യമാകുന്ന മുറക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലെ സ്വകാര്യ ഭൂമികളിലോ റവന്യൂ ഭൂമികളിലോ തൈകള്‍ നട്ട് പിടിപ്പിക്കും.
ജില്ലയില്‍ മുറിച്ചത് 497 മരങ്ങള്‍
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വഴിവിട്ട നടപടികളിലൂടെ ജില്ലയില്‍ 497 മരങ്ങള്‍ അനധികൃതമായി മുറിച്ചതായാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരെയടക്കം പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്.
കോതമംഗലം, മൂന്നാര്‍, മറയൂര്‍ ഫോറസ്റ്റ് ഡിവിഷനുകള്‍ക്ക് കീഴിലെ വിവിധ റെയ്ഞ്ചുകളുടെ പരിധിയില്‍നിന്നാണ് ഇത്രയും മരങ്ങള്‍ മുറിച്ച് കടത്തിയത്. മുള്ളരിങ്ങാട് റേഞ്ചിന് കീഴില്‍ 114, കാളിയാറില്‍ 24, ദേവികുളത്ത് അഞ്ച്, അടിമാലിയില്‍ 339, മറയൂരില്‍ 15 എന്നിങ്ങനെയാണ് മുറിച്ചത്. ഇതിന് പകരമായി മുള്ളരിങ്ങാട് റേഞ്ചില്‍ 1200, കാളിയാറില്‍ 300, ദേവികുളത്ത് 50, അടിമാലിയില്‍ 4000, മറയൂരില്‍ 200 എന്നിങ്ങനെ 5750 തൈകള്‍ നടാനാണ് പദ്ധതി.