ജോസ്ഗിരിക്കു സമീപം നിര്‍മാണം പൂര്‍ത്തിയാക്കിയ കല്‍ക്കെട്ട് കഴിഞ്ഞ ദിവസം തകര്‍ന്നുവീണു.
രാജാക്കാട്: ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് നിര്‍മാണം നടക്കുന്ന ജോസ്ഗിരിക്കു സമീപം നിര്‍മാണം പൂര്‍ത്തിയാക്കിയ കല്‍ക്കെട്ട് കഴിഞ്ഞ ദിവസം തകര്‍ന്നുവീണു.
അതിനു സമീപമുള്ള തോടിന്റെ വശത്ത് സംരക്ഷണഭിത്തി നിര്‍മിക്കേണ്ട സ്ഥാനത്ത് മണ്ണ് നിറച്ച് ചാക്കുകള്‍ അടുക്കിവച്ചിരിക്കുകയാണ്.
146.67 കോടി രൂപ മുടക്കി നിര്‍മിക്കുന്ന 29.5 കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനിടയിലാണ് കല്‍ക്കെട്ട് തകര്‍ന്നത്. 20 അടിയോളം ഉയരമുള്ള കല്‍ക്കെട്ടിന് ഇട ബെല്‍റ്റ് വാര്‍ത്തിട്ടില്ല. കല്‍ക്കെട്ടിന്റെ മുകള്‍ഭാഗത്ത് കല്ലിനു പകരം ഉപയോഗശൂന്യമായ കോണ്‍ക്രീറ്റ് പാളികള്‍ അടുക്കിവച്ചാണ് വാര്‍ത്തിരിക്കുന്നത്.
അശാസ്ത്രീയ നിര്‍മാണം ഇവിടംകൊണ്ടും അവസാനിക്കുന്നില്ല. തോടിന്റെ ഒഴുക്ക് സുഗമമാക്കി നിര്‍മിച്ചിരിക്കുന്ന കലുങ്കിന്റെ സംരക്ഷണ ഭിത്തിയില്‍ മണ്ണ് നിറച്ച ചാക്കുകളാണ് അടുക്കിവച്ചിരിക്കുന്നത്. മറുവശത്ത് പൊളിച്ചുനീക്കിയ കലുങ്കിന്റെ കോണ്‍ക്രീറ്റ് പാളികളാണ് അടുക്കിവച്ചിരിക്കുന്നത്. ഇതിന് മുകളിലിട്ട മണ്ണ് ഒലിച്ചതോടെ ഇവിടവും ഏതുനിമിഷവും ഇടിഞ്ഞുവീഴുന്ന അവസ്ഥയിലാണ്.