ദമ്പതികളെ കൊന്ന് 8 കിലോ സ്വർണവും 50 കിലോ വെള്ളിയും മോഷ്ടിച്ചു; ഡ്രൈവറും കൂട്ടാളിയും പിടിയില്‍
ചെന്നൈയില്‍ ദമ്പതികളെ കൊലപ്പെടുത്തി സ്വർണവും വെള്ളിയും കവർന്ന കേസിലെ പ്രതികൾ പിടിയിൽ . വ്യവസായിയായ ചെന്നൈ മൈലാപ്പുർ വൃന്ദാവൻ സ്ട്രീറ്റിലെ ദ്വാരക കോളനിയിൽ ശ്രീകാന്ത് (60), ഭാര്യ അനുരാധ (55) എന്നിവരാണ് ഇന്നലെ പുലർച്ചെ കൊല്ലപ്പെട്ടത്. ഇവരുടെ ഡ്രൈവർ നേപ്പാൾ സ്വദേശിയായ കൃഷ്ണ, സുഹൃത്ത് രവി എന്നിവരാണ് പിടിയിലായത്. ആന്ധ്രയിലെ ഓങ്കോളിൽനിന്നാണ് പ്രതികളെ പിടികൂടിയത്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 മാസത്തോളമായി യുഎസ്സിലായിരുന്ന ദമ്പതികൾ ഇന്നലെ പുലർച്ചെയാണ് തിരിച്ചെത്തിയത്. കൃഷ്ണയാണ് ഇവരെ വിമാനത്താവളത്തിൽനിന്നും മൈലാപ്പുരിലെ വീട്ടിലെത്തിച്ചത്. പിന്നീട് സഹായി രവിയുമായി ചേർന്ന് ഇവരെ അടിച്ചു കൊലപ്പെടുത്തി ഇവരുടെ തന്നെ ഇസിആറിലെ ഫാം ഹൗസിൽ കുഴിച്ചിട്ടു. തുടർന്ന് 8 കിലോ സ്വർണവും 50 കിലോ വെള്ളിയുമായി പ്രതികള്‍ കടന്നുകളഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൊലപാതകം നടന്നതെന്ന് അഡീഷനൽ പോലീസ് കമ്മിഷണർ എൻ. കണ്ണൻ വ്യക്തമാക്കി.യുഎസ്സിലേക്കു പോയതിനുശേഷം രണ്ടു മാസം മുൻപ് ശ്രീകാന്ത് കുറച്ചു ദിവസത്തേക്ക് ചെന്നൈയിൽ വന്നിരുന്നു. പിന്നീട് യുഎസ്സിലേക്കു തന്നെ തിരിച്ചുപോയി. ഈ സമയത്ത് ശ്രീകാന്ത് ഫോണിലൂടെ 40 കോടി രൂപയുടെ ഒരു ഭൂമി ഇടപാടിനെക്കുറിച്ച് സംസാരിക്കുന്നത് കൃഷ്ണ കേട്ടിരുന്നു. ഈ പണം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു കൃഷ്ണയുടെ സംശയം. കൃഷ്ണ ഈ വീട്ടിൽത്തന്നെയാണ് താമസിച്ചിരുന്നതെങ്കിലും വീടിന്റെ താക്കോലുകളൊന്നും കൈവശമുണ്ടായിരുന്നില്ല. അങ്ങനെയാണ് ദമ്പതികളുടെ തിരിച്ചുവരവിനായി കാത്തിരുന്ന് കൊലപാതകം നടത്തിയത്. ഡാർജിലിങ്ങിൽനിന്നുള്ള രവി റായ് എന്ന സുഹൃത്താണ് ഇതിന് സഹായിച്ചതെന്നും ’ – എസിപി പറഞ്ഞു.