സി.വി.വര്ഗീസ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി; എസ്.രാജേന്ദ്രനെ ഒഴിവാക്കി
കെഎസ്ആർടിസി മുൻ ഡയറക്ടർ ബോർഡ് അംഗം സി.വി.വർഗീസ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി. മൂന്ന് ടേം പൂർത്തിയാക്കിയതിനാൽ കെ.കെ.ജയചന്ദ്രനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാൻ പാർട്ടി തീരുമാനിച്ചു. പാർട്ടി നടപടി നേരിട്ട ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി.
10 അംഗ ജില്ലാ സെക്രട്ടേറിയറ്റിൽ രണ്ട് പുതുമുഖങ്ങളുണ്ട്. കുമളിയിൽ നടക്കുന്ന സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം വൈകിട്ട് മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം വി.എൻ.മോഹനൻ, സി.വി.വർഗീസ് എന്നിവരിലാരെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്നു നേരത്തേറിപ്പോർട്ട് ഉണ്ടായിരുന്നു.
കെഎസ്വൈഎഫിലൂടെ പൊതുരംഗത്ത് വന്ന വർഗീസ് 20 വർഷമായി ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. നിലവിൽ കർഷക സംഘം ജില്ലാ പ്രസിഡന്റാണ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷനുമാണ്.